

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. കേരള ഡവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സമര്‍പ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നല്‍കിയത്.
ഒരേ പരിതസ്ഥിതിയില്‍ ഒരുമിച്ച് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസര്‍ച്ച്. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ പ്രവര്‍ത്തനത്തിനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ തസ്തികകള്‍ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്ന് വിരമിച്ച ഡോ.സാബു തോമസിനെ ആദ്യ ഡയറക്ടറായി 3 വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും. കമ്പനിയായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തി. മൈക്രോബയോമിന്റെ ഭരണ വകുപ്പായി കേരള സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിനെ തീരുമാനിച്ചു.
കോവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതല്‍ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാര്‍ഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറന്‍സിക് സയന്‍സ് തുടങ്ങി എക്‌സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാര്‍ന്ന ശാസ്ത്ര മേഖലകളില്‍ പുതിയ ഡയഗ്‌നോസ്റ്റിക് ഇന്റര്‍വെന്‍ഷണല്‍ ടെക്‌നിക്കുകള്‍ വികസിപ്പിക്കാന്‍ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഈ മേഖലയിലെ സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് 2022-23 ബജറ്റില്‍ മൈക്രോബയോം സെന്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഏകാരോഗ്യ വ്യവസ്ഥയില്‍ മൈക്രോബയോട്ടയുടെ പ്രാധാന്യം പ്രചാരത്തിലാക്കുന്ന അന്തര്‍വൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈന്‍ സഹപ്രവര്‍ത്തനം, നവീന ഉത്പന്ന നിര്‍മ്മാണം എന്നിവ ഏകോപിപ്പിക്കുവാന്‍ കഴിയുന്ന ആഗോള കേന്ദ്രമാക്കി ഇതിനെ മാറ്റും. ബിഗ് ഡാറ്റാ ടെക്‌നോളജികളായ ഐഒ ടി, എ ടി ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മൈക്രോബയോമിന്റെ സ്‌പേഷ്യോ ടെമ്പറല്‍ മാപ്പിംഗ് സൃഷ്ടിക്കും. തുടര്‍ന്നുള്ള ഗവേഷണങ്ങള്‍ക്കും സൂക്ഷ്മാണുക്കളുടെ ഇടപെടലുകള്‍ മനസ്സിലാക്കുന്നതിനും ജീനോമിക് ഡാറ്റാ ബേസ് നിര്‍മ്മിക്കും.
സ്റ്റാര്‍ട്ട് അപ്പുകളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിനായി നവീന ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും അതുവഴി മാതൃകാപരമായ ഗവേഷണം നടത്തുകയും ചെയ്യും. ഹ്യൂമന്‍ മൈക്രോബയോം, ആനിമല്‍ മൈക്രോബയോം, പ്ലാന്റ് മൈക്രോബയോം, അക്വാട്ടിക് മൈക്രോബയോം, എന്‍വയോണ്‍മെന്റല്‍ മൈക്രോബയോം, ഡാറ്റാ ലാബുകള്‍ എന്നിങ്ങനെ 6 ഡൊമൈനുകളില്‍ ഗവേഷണവും വികസനവും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം കേന്ദ്രം പദ്ധതിയിടുന്നുണ്ട്. പ്രാരംഭ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തനം അവിടേക്ക് മാറ്റും. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
ചൈനയിലെ ഷാങ് ഷൗവില്‍ നടന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കേരളതാരങ്ങള്‍ക്ക് ക്യാഷ് അവര്‍ഡ് അനുവദിച്ചു. സ്വര്‍ണ്ണ മെഡല്‍ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡല്‍ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
പുതുക്കിയ ഭരണാനുമതി
പിണറായി വില്ലേജില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിനോടനുബന്ധിച്ച് ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതിനായി പ്രോജക്ടിന്റെ എസ്പിവി ആയ കെഎസ്‌ഐടിഐഎല്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ മുഖേന സമര്‍പ്പിച്ച 285 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി.
പി വി മനേഷിന് ഭവന നിര്‍മ്മാണത്തിന് ഭൂമി
മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ എന്‍ എസ് ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോടെ പി വി മനേഷിന് ഭവന നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി പതിച്ച് നല്‍കും. പുഴാതി വില്ലേജ് റീ.സ. 42/15ല്‍പ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള 5 സെന്റ് ഭൂമിയാണ് സര്‍ക്കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സൗജന്യമായി പതിച്ച് നല്‍കുക.
കണ്ണൂര്‍ ഐടി പാര്‍ക്കിന് ഭരണാനുമതി
കണ്ണൂര്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കി. കിന്‍ഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറില്‍ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുക. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ നിയമിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് കണ്ണൂര്‍ ഐടി പാര്‍ക്ക് പ്രഖ്യാപിച്ചത്.
കരാര്‍ നിയമനം
കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ പ്ലാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് 64 പ്രോജക്ട് സ്റ്റാഫുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates