

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ 180 വിദേശ വിദ്യാര്‍ത്ഥികളാണ് കേരളീയത്തിന് മുന്നോടിയായിട്ടുള്ള സംഗമത്തില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ബിരുദതലം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാര്‍ത്ഥികളാണ് കേരളീയത്തിന്റെ ഭാഗമാകാന്‍ എത്തുന്നത്.
സംഗമത്തിന്റെ ഉദ്ഘാടനവും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ആര്‍ ബിന്ദു ചടങ്ങില്‍ ആധ്യക്ഷത വഹിക്കും. മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മന്ത്രി വി ശിവന്‍കുട്ടി മുഖ്യാതിഥി ആയിരിക്കും.
മെഗാ ക്വിസ് മത്സരം ഇന്ന്
പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ് ഇന്ന് വൈകിട്ട് 7.30ന് നടക്കും. രജിസ്ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ 90,557 പേരാണ് ക്വിസിന് വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്ന് സംഘാടകര്‍ അറിയിച്ചു. വിദേശ മലയാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരാണ് കേരളീയം വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്വിസില്‍ പങ്കെടുക്കുന്നതിനായി ഇന്നു വൈകീട്ട് ഏഴുമണിക്ക് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടതാണ്.
നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് മെഗാ ഓണ്‍ലൈന്‍ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിലെ വിജയികള്‍ക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വിശദാംശങ്ങള്‍ കേരളീയം വെബ്സൈറ്റില്‍ ലഭ്യമാണ്. വ്യക്തിഗതമായി സംഘടിപ്പിക്കുന്ന ക്വിസില്‍ എല്ലാവരും ഒരേ സമയത്തായിരിക്കും മത്സരിക്കുന്നത്. ആകെ 50 ചോദ്യങ്ങള്‍ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങള്‍ക്കും അനുവദിക്കുന്ന സമയം പത്ത് സെക്കന്‍ഡായിരിക്കും.
ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ ആയിരിക്കും. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയന്‍സ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിജയികള്‍ക്ക് അറിയിപ്പ് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ കൈതോലപ്പായ കേസ് അവസാനിപ്പിച്ച് പൊലീസ് സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates