പഴങ്കഞ്ഞി മുതല്‍ ഉറുമ്പു ചമ്മന്തി വരെ; രണ്ടായിരം കേരളീയ വിഭവങ്ങളുമായി ഭക്ഷ്യമേള

അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങള്‍ അണിനിരത്തുന്നത്.
ജിആര്‍ അനില്‍ മാധ്യമങ്ങളെ കാണുന്നു
ജിആര്‍ അനില്‍ മാധ്യമങ്ങളെ കാണുന്നു
Updated on
1 min read


തിരുവനന്തപുരം: കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജിആര്‍ അനില്‍. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങള്‍ അണിനിരത്തുന്നത്. ഈ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനുകാര്‍ഡുകളിലൊന്ന് ഭക്ഷ്യമേളയുടെ ഭാഗമായി പുറത്തിറക്കും.

തട്ടുകട മുതല്‍ പഞ്ചനക്ഷത്രവിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ നൂറ്റന്‍പതിലധികം സ്റ്റാളുകള്‍ ഭക്ഷ്യമേളയുടെ ഭാഗമായി സജ്ജീകരിക്കും. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ച് വിജയിച്ച  ചെറുകിട സംരംഭകരുടേതായിരിക്കും. പട്ടിക വര്‍ഗ വികസന വകുപ്പ്, സഹകരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാകും.

കേരളത്തിന്റെ പാരമ്പര്യ ഭക്ഷണവിഭവങ്ങളായ രാമശേരി ഇഡലി, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും തുടങ്ങി കുട്ടനാടന്‍ കരിമീന്‍ വരെ 10 കേരളീയ വിഭവങ്ങള്‍ ബ്രാന്‍ഡ്‌ചെയ്ത് അവതരിപ്പിക്കും. ഓരോവിഭവത്തിന്റെയും ചരിത്രം, നിര്‍മാണരീതി അടക്കമുള്ള വീഡിയോ പ്രദര്‍ശനവും ഓരോ സ്റ്റാളിലും ഉണ്ടാകും. പഴങ്കഞ്ഞിമുതല്‍ ഉണക്കമീന്‍ വിഭവങ്ങള്‍ വരെ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികള്‍ ആസ്വദിക്കാന്‍ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവം: നൊസ്റ്റാള്‍ജിയ,  ഉറുമ്പുചമ്മന്തി മുതല്‍ കിഴങ്ങുവര്‍ഗങ്ങളുടെ വ്യത്യസ്തവിഭവങ്ങള്‍ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി കോളജിലെ എത്‌നിക് ഫുഡ്‌ഫെസ്റ്റ് എന്നിവയും കേരളീയം ഭക്ഷ്യമേളയുടെ സവിശേഷതയാണ്.

യൂണിവേഴ്‌സിറ്റി കോളേജ് മുതല്‍ വാന്റോസ് ജംഗ്ഷന്‍ വരെയുള്ള റോഡ് ഭക്ഷണതെരുവായി മാറ്റുന്നതരത്തില്‍ അവതരിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ കേരളീയത്തിന്റെ ഏഴുദിവസത്തെ രാത്രിജീവിതത്തിന്റെ കൂടെ ഭാഗമാകും.

കേരളത്തിലെ പ്രശസ്തരായ ലെഗസി റെസ്റ്റോറന്റുകളുടെ പ്രാതിനിധ്യവും ഭക്ഷ്യമേളയില്‍ ഉണ്ടാകും. സാമൂഹിമകാധ്യമങ്ങളിലടക്കം ജനപ്രിയരായ പാചകവിദഗ്ധരുടെ ലൈവ് ഫുഡ്‌ഷോയും ഭക്ഷ്യമേളയിലുണ്ടാകും. ഷെഫ്പിള്ള, ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ, പഴയിടം മോഹനന്‍ നമ്പൂതിരി, കിഷോര്‍ എന്നീ പാചകരംഗത്തെ പ്രശസ്തര്‍ അവരവരുടെ വ്യത്യസ്തപാചകരീതികള്‍ അവതരിപ്പിക്കുന്ന ഫുഡ്‌ഷോ സൂര്യകാന്തിയില്‍ നവംബര്‍ 2 മുതല്‍ ആറുവരെ അരങ്ങേറും. പ്രശസ്തരായ ഫുഡ് വ്‌ളോഗര്‍മാര്‍ ഭക്ഷ്യമേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകും.കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയര്‍മാന്‍ എ.എ. റഹീം എം.പി, ഭക്ഷ്യമേള കമ്മിറ്റി കണ്‍വീനര്‍ ശിഖ സുരേന്ദ്രന്‍, കോഡിനേറ്റര്‍ സജിത് നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com