ശ്രീകൃഷ്ണ ജയന്തി ഇന്ന്; നാടെങ്ങും അമ്പാടിയാകും

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2023 07:03 AM  |  

Last Updated: 06th September 2023 07:03 AM  |   A+A-   |  

sri krishna jayanthi

ഫയല്‍ ചിത്രം: എക്‌സ്പ്രസ്‌

 

തിരുവനന്തപുരം: കൃഷ്ണന്റെ ജന്മദിനമായ ഇന്ന് കേരളം അമ്പാടിയാകും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഉള്‍പ്പെടെ നടക്കും. അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അറിയിച്ചു. 'അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും' എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം.

ശോഭായാത്രകളില്‍ കുട്ടികള്‍ വിവിധ വേഷധാരികളായാണ് അണിനിരക്കുക. അവതാര കഥകളുടെ ദൃശ്യാവിഷ്‌കരണവുമായി നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിങ്ങനെ വിവിധ സംഘങ്ങളാകും നഗര വീഥീകളില്‍ അണി നിരക്കുക. കുട്ടികള്‍ ശോഭയാത്രയിലൂടെയാകും അവസാനം ക്ഷേത്ര സന്നിധിയില്‍ എത്തുക.

അമ്പാടിക്കണ്ണന്‍, രാധ, ഭാരതാംബ, പാര്‍വതി, ലക്ഷ്മി ദേവീ, സരസ്വതി ദേവി, സീത, മുരുകന്‍, ഹനുമാന്‍, ശിവന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിങ്ങനെ വിവിധ വേഷങ്ങളിലാകും കുട്ടികളെത്തുക. ക്ഷേത്രത്തിലുള്‍പ്പെടെ ശോഭയാത്രകളുടെ അവസാനം ഉറിയടി തുടങ്ങി വിവിധ പരിപാടികളും നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ ശക്തമായ മഴ, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ