രക്ഷപ്പെട്ടയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയില്‍, സഹോദരിമാര്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത; അന്വേഷണം 

കവളപ്പാറ കാരക്കാട് സഹോദരിമാര്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത
തീപ്പൊള്ളലേറ്റ് മരിച്ച സഹോദരിമാര്‍
തീപ്പൊള്ളലേറ്റ് മരിച്ച സഹോദരിമാര്‍

പാലക്കാട്: കവളപ്പാറ കാരക്കാട് സഹോദരിമാര്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാള്‍ക്ക് പൊള്ളലേറ്റിട്ടില്ലെന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്. അഗ്‌നിരക്ഷാസേനയെത്തി തീയണക്കാന്‍ ശ്രമിക്കുമ്പോഴാണിയാള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിപ്പോകുന്നതെന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തീപ്പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നു. സഹോദരിമാര്‍ രണ്ടുപേരും രണ്ട് വീടുകളില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവര്‍ ഒരുവീട്ടിലെത്തിയതും ആ സമയത്ത് പുറത്തുനിന്നൊരാള്‍ ഇവിടെ എത്തിയതിനുമെല്ലാം കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സഹോദരിമാര്‍ക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ പറയുന്നു.

രണ്ട് വീട്ടിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. സമീപത്ത് മറ്റ് വീടുകളില്ല. 20 വര്‍ഷംമുമ്പാണ് ഇവര്‍ കവളപ്പാറയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. പത്മിനി സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനനസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായുമാണ് പൊലീസിന് ലഭിച്ച വിവരം.

ഇവരില്‍നിന്ന് സ്വര്‍ണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആള്‍ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാള്‍ പെയിന്റിങ്ങിനായി മുമ്പ് ഇവിടെ എത്തിയിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാകാം വീട്ടിനകത്തേക്ക് എത്തിയതെന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ വസ്തുതകള്‍ വ്യക്തമാകൂ എന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു.

വീട്ടില്‍നിന്നിറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരാണ് പിടികൂടിയത്. പട്ടാമ്പി സ്വദേശിയായ ഇയാള്‍ എന്തിനിവിടെ വന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പിടികൂടിയയാളുടെ പേരില്‍ പട്ടാമ്പി, തൃത്താല പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായും പൊലീസ് സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com