നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 702 പേര്‍; രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2023 02:51 PM |
Last Updated: 13th September 2023 03:43 PM | A+A A- |

ഫയല്‍ ചിത്രം
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ
റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ സംഘം പറമ്പില്‍ നിന്ന് അടയ്ക്ക ശേഖരിച്ചു. വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കുടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി 702 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. അതിനിടെ, കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിപ ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു.
ഓഗസ്റ്റ് 22ന് മുഹമ്മദിന് രോഗലക്ഷണങ്ങള്‍ കണ്ടു. 23ന് തിരുവള്ളൂര്‍ കുടുംബച്ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം 25ന് മുള്ളൂര്‍കുന്ന് ഗ്രാമീണ്‍ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി.
26ന് കുറ്റ്യാടിയിലെ ക്ലിനിക്കില്‍ ഡോക്ടറെ കണ്ടു. 28ന് തൊട്ടില്‍പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 29ന് ആംബുലന്‍സില്‍ കോഴിക്കോട്ട് ആശുപത്രിയിലെത്തിച്ച മുഹമ്മദ് 30ന് മരിച്ചു.
നിപ ബാധിച്ച് മരിച്ച് മരിച്ച രണ്ടാമത്തെ രോഗി മംഗലാട് സ്വദേശി ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ അഞ്ചിനാണ് ഇയാള്‍ക്ക് രോഗലക്ഷണമുണ്ടായത്. ആറാം തീയതിയും ഏഴാം തീയതിയും ഒരു ബന്ധുവീട് സന്ദര്‍ശിച്ചു. ഏഴാം തീയതി ദിവസം ഉച്ചയ്ക്ക് റൂബിയാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. എട്ടാം തീയതി രോഗം മൂര്‍ച്ചിച്ചതോടെ ആയഞ്ചേരി ഹെല്‍ത്ത് സെന്ററില്‍ എത്തി. എട്ടാം തീയതി കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ചികിത്സ തേടി. അന്നേദിവസം തട്ടാംകോട് മസ്ജിദ് സന്ദര്‍ശിച്ചു.
ഒന്‍പതിനും പത്തിനും വില്യാപ്പള്ളിയിലെ ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. പത്താം തീയതി വടകരയിലെ രണ്ട് ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു. പതിനൊന്നാം തീയതി ജ്യോതി കുമാറിന്റെ ക്ലിനിക്കിലും വടകരിയലെ സഹകരണ ആശുപത്രിയിലും ചികിത്സ തേടുന്നു. അവിടെ നിന്നാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തുന്നത്. അവിടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
നിപയെ തുടര്‍ന്ന് ആദ്യം മരിച്ച ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.നിപ സ്ഥിരീകരിച്ച സാംപിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബും ജില്ലയില്‍ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.
ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
'കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ട്, കൈമാറിയത് ശരണ്യ മനോജ്; പുറത്തുംവിടും മുമ്പ് പിണറായിയെ കണ്ടു'
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ