'ഹൈറിസ്‌കിലുള്ള എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും; സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ മൊബൈല്‍ ലൊക്കേഷന്‍'

പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാലും 21 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാണ്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്


കോഴിക്കോട്‌: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതായും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകനല്ല. രോഗിക്ക് ഒപ്പം ആശുപത്രിയില്‍ എത്തിയ ആള്‍ക്കാണ്. അദ്ദേഹം ആശുപത്രിയില്‍ എത്തിയ അതേ സമയത്ത് ഓഗസ്റ്റ് 30ന് മരിച്ച വ്യക്തിയും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 30ാം തീയതി നിപബാധിച്ച് മരിച്ചയാളുടെ ഹൈ റിസ്‌ക് കോണ്‍ടാക്റ്റില്‍പ്പെട്ട എല്ലാവരുടെ സാമ്പിള്‍ പരിശോധിക്കും. ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലങ്കിലും പരിശോധന നടത്തും. ഒരേസമയം 192 പേരുടെ പരിശോധനഫലം നടത്താനുള്ള സംവിധാനമുണ്ട്. ഒന്നരമണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. 

സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ ഉപയോഗിക്കും. കേരളാ എപിഡമിക് ആക്ട് 2021 പ്രകാരം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തും. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാലും 21 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. അതിന് ശേഷം വീണ്ടും പരിശോധന നടത്തും. ആദ്യം മരിച്ച രോഗി ചികിത്സ തേടിയ ആശുപത്രിയില്‍ അതേ സമയത്ത് പോയവര്‍ നിര്‍ബന്ധമായും കോള്‍ സെന്ററില്‍ ബന്ധപ്പെടണം. വവ്വാലുകളെ ഓടിക്കാന്‍ ശ്രമിക്കുന്നത് അപകടം വരുത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജാനകിക്കാട്ടില്‍ കാട്ടുപന്നി ചത്തൊടുങ്ങിയ സംഭവത്തില്‍ പരിശോധന നടത്തുന്നുണ്ടെന്നും അരുണ്‍ സക്കറിയക്ക് ഇതിന്റെ ചുമതല നല്‍കിയിട്ടുണ്ടെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ നടപടി ഉണ്ടാകുമെന്നും കൊയിലാണ്ടിയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സ്‌കൂളുകളുടെ പ്രവര്‍ത്തനം എങ്ങനെ തുടരണം എന്ന് ഇന്ന് ഉച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യം നിലവിലില്ല- റിയാസ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com