കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി; ഈ മാസം 24 വരെ ക്ലാസുകൾ ഓൺലൈനാക്കാൻ നിർദേശം 

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്
കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന് ശേഷം ആളൊഴിഞ്ഞ കുറ്റ്യാടി ടൗൺ/ ചിത്രം ​ഗോകുൽ ഇ
കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന് ശേഷം ആളൊഴിഞ്ഞ കുറ്റ്യാടി ടൗൺ/ ചിത്രം ​ഗോകുൽ ഇ

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 24 വരെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പഠനം മുടങ്ങാതിരിക്കാൻ ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കാനും തീരുമാനിച്ചു. സ്കൂളുകളിലും, കോളജുകളിലും (പ്രൊഫഷണൽ  കോളജുകൾക്കുൾപ്പെടെ) ഓൺലൈൻ ക്ലാസുകൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ കലക്ടർ നിർദേശിച്ചു. 

ജില്ലയിൽ ഇതിനകം ആറ് പേർ നിപ പോസിറ്റീവ് ആയെന്നാണ് പരിശോധനാഫലം, ഇതിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങി. നിലവിൽ 1080 പേരാണ് സമ്പർക്കപട്ടികയിൽ ഉള്ളത്, ഇതിൽ 297 പേർ ഹൈ റിസ്ക് സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നവരാണ്. രോഗം പകരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചതെന്ന് കലക്ടർ ഫേയ്സ്ബുക്കിൽ കുറിച്ചു. അപ്രതീക്ഷിത അവധികൾ കൃത്യമായി വിനിയോഗിക്കണം, അവധി ആഘോഷമാക്കരുത്, പുറത്തു തകർത്തു പെയ്യുന്ന മഴ കൂടി ഉണ്ട്, ജലാശയങ്ങളിലേക്കും മറ്റുമുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുന്നതാണ് അഭികാമ്യം, കലക്ടർ കുറിച്ചു. 

കോഴിക്കോട് നിപ രോഗ ബാധയിൽ ആദ്യ (ഇൻഡക്സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസുകാരന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് ഇയാളെ ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനും ഉള്ള  ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com