9 വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; പുതിയ നിപ കേസുകളില്ല: ആരോഗ്യമന്ത്രി
By സമകാലികമലയാളം ഡെസ്ക് | Published: 17th September 2023 07:21 PM |
Last Updated: 17th September 2023 07:21 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ കേസുകളിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിതി നിയന്ത്രണവിധേയമാണെന്നും 1233 പേര്‍ സമ്പര്‍ക്കപട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ചികിത്സയിലുള്ള ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തിരുവനന്തപുരത്ത് നിപ രോഗമുണ്ടെന്ന് സംശയിച്ച രണ്ടാമത്തെ ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാട്ടാക്കട സ്വദേശിയായ സ്ത്രീക്ക് നിപയില്ലെന്ന് സ്രവ സാബിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായും വീണ ജോര്‍ജ് വ്യക്തമാക്കി.
36 വവ്വാലുകളുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. സാമ്പിള്‍ പരിശോധിക്കുന്ന ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിപ പരിശോധനക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബും കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇതോടെ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീര്‍ണമാണ്. അപകടകരമായ വൈറസായതിനാല്‍ ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ നിപ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. പിസിആര്‍ അല്ലെങ്കില്‍ റിയല്‍ ടൈം പിസിആര്‍ ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ് നിപ വൈറസ് കണ്ടെത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ പന്തളത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്തുനായക്ക് പേവിഷബാധ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ