നിപ കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനക്ക് ഐസിഎംആര്‍ അനുമതി; 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു

കോഴിക്കോട് ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓക്‌സിജന്‍ സപ്പോര്‍ട്ടും മാറ്റിയിട്ടുണ്ട്
വീണാ ജോര്‍ജ്
വീണാ ജോര്‍ജ്
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും. ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി. ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും. 
ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓക്‌സിജന്‍ സപ്പോര്‍ട്ടും മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള മറ്റ് 3 പേരുടേയും ആരോഗ്യനിലയും തൃപ്തികരമാണ്. സംസ്ഥാനത്ത് ഇതുവരെ 323 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതില്‍ 317 എണ്ണം നെഗറ്റീവാണ്. ഇതുവരെ 6 പോസിറ്റീവ് കേസുകളാണുള്ളത്. ആദ്യ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേര്‍ മെഡിക്കല്‍ കോളേജിലെ ഐസോലഷനിലുണ്ട്.

ആരോഗ്യ വകുപ്പിന്റെ ജില്ലാ സര്‍വലന്‍സ് ടീം തുടക്കത്തില്‍ തന്നെ നിപ വൈറസ് കണ്ടുപിടിക്കുന്നതിന് കൃത്യമായ ഇടപെടലുകള്‍ നടത്തി. തുടര്‍ന്ന് ടീം സ്വീകരിച്ച നടപടികളാണ് രോഗ വ്യാപനത്തെ ഫലപ്രദമായി തടയുന്നതിന് സഹായിച്ചത്. ഔട്ട് ബ്രേക്ക് സമയത്ത് തന്നെ ആദ്യ കേസ് കണ്ടുപിടിക്കാന്‍ സാധിച്ചത് ആദ്യമായിട്ടാണ്. രണ്ടാമത് മരണമടഞ്ഞയാളുടെ മൃതദേഹം വിട്ടുകൊടുക്കാതെ നിപ പരിശോധന നടത്തിയതാണ് രോഗം കണ്ടുപിടിക്കാനും വേഗത്തില്‍ പ്രതിരോധമൊരുക്കാനും സാധിച്ചത്.

എന്തുകൊണ്ട് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിക്കുന്നത് എന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ പ്രകാരം സംസ്ഥാനം സീറോ സര്‍വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തികളുടെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തുന്നത്. നിപ പ്രതിരോധത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനം പ്രവര്‍ത്തിച്ചു വരുന്നു. 81 സാമ്പിളുകളാണ് നിപ സംശയിച്ച് ഈ വര്‍ഷം മാത്രം പരിശോധിച്ചത്. നിപ പ്രോട്ടോകോളിന്റെ ഭാഗമായി പരിശീനം നടത്തുകയും ലാബ് സൗകര്യമൊരുക്കുകയും ചെയ്തു. ഈ വര്‍ഷം പുറത്തിറക്കിയ ആരോഗ്യ ജാഗ്രതാ കലണ്ടറിലും നിപ പ്രതിരോധമുണ്ട്. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരിഡ് എങ്കിലും വീണ്ടും 21 ദിവസം കൂടി പ്രവര്‍ത്തനം നടത്തും. അതിനാല്‍ 42 ദിവസം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതാണ്. മൃഗ സംരക്ഷണം, വനം വകുപ്പുകളുടെ സഹകരണത്തോടെ വണ്‍ ഹെല്‍ത്ത് ശക്തിപ്പെടുത്തുന്നതാണ്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള നടപടികള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com