സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 24th September 2023 10:44 AM |
Last Updated: 24th September 2023 11:09 AM | A+A A- |

കെ ജി ജോര്‍ജ്/ എക്‌സ്പ്രസ് -ഫയല്‍ ചിത്രം
കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
സ്വപ്‌നാടനം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, മേള, ഉള്‍ക്കടല്‍, ഈ കണ്ണി കൂടി തുടങ്ങിയവ കെജി ജോര്‍ജിന്റെ പ്രശസ്ത സിനിമകളാണ്.
1946 ല്‍ തിരുവല്ലയില്‍ ജനിച്ച കെ ജി ജോര്‍ജ് ( കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്) ബിരുദപഠനത്തിന് ശേഷം 1971 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ സംവിധാനത്തില്‍ ഡിപ്ലോമ നേടി. രാമുകാര്യാട്ടിന്റെ മായ എന്ന സിനിമയില്‍ സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്.
1976 ല്‍ പുറത്തിറങ്ങിയ സ്വപ്‌നാടനം ആണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഈ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം, മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 1998 ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഇലവങ്കോട് ദേശം ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം.
2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് 2016-ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി കെജി ജോര്‍ജിനെ ആദരിച്ചിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് കെ ജി ജോര്‍ജിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ