'വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല'; എംഎല്‍എ ഇറങ്ങിപ്പോയി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 05:51 PM  |  

Last Updated: 24th September 2023 05:51 PM  |   A+A-   |  

vande_bharat

പുതിയ വന്ദേ ഭാരത് ട്രെയിന്‍/റെയില്‍വേ ട്വീറ്റ് ചെയ്ത ചിത്രം

 

കാസര്‍കോട്: രണ്ടാം വന്ദേഭാരതിന്റെ ഫളാഗ് ഓഫ് ചടങ്ങിനിടെ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഇറങ്ങി പോയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ മുനീര്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായാണ് രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനില്‍ യാത്ര ചെയ്തത്. 

വന്ദേഭാരത് ട്രെയിനുകള്‍ ആരുടേയും കുടുംബ സ്വത്തല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ടതാണ് വന്ദേഭാരത്. കേരളത്തിന് 10 വന്ദേഭാരത് ട്രെയിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിന് അര്‍ഹമായത് എല്ലാം കിട്ടുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 
രാജ്‌മോഹന്‍ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ട. 400 ല്‍ പത്താണ് അദ്ദേഹം ചോദിച്ചത്. അതു വളരെ കുറഞ്ഞുപോയി. 400 ല്‍ പത്തല്ല, അതില്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് കിട്ടുമെന്നും വി മുരളീധരന്‍ പറഞ്ഞു.

43 ല്‍ രണ്ടെണ്ണമാണ് കിട്ടിയത്. അതായത് 20 ശതമാനമായി. നരേന്ദ്രമോദിയുടെ സര്‍ക്കാരില്‍ കേരളത്തിന് ലഭിക്കേണ്ടത് അര്‍ഹമായിട്ടുള്ളത് എല്ലാം കിട്ടുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം; കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ