പിഎഫ്‌ഐ ചാപ്പകുത്തല്‍ പ്രശസ്തിക്ക് വേണ്ടി; സൈനികന്റെ പരാതി വ്യാജം; കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th September 2023 12:46 PM |
Last Updated: 07th October 2023 02:06 PM | A+A A- |

പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയതിന്റെ ദൃശ്യം
കൊല്ലം: കൊല്ലത്ത് സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന ചാപ്പ കുത്തിയ സംഭവം വ്യാജമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സൈനികന്‍ ഷൈന്‍, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുറത്ത് പിഎഫ്‌ഐ എന്നെഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു.
വ്യാജപരാതിക്ക് പിന്നില്‍ പ്രശസ്തനാകാനുള്ള സൈനികന്റെ ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി പൊലീസില്‍ മൊഴി നല്‍കി. ടീഷര്‍ട്ട് തന്നെക്കൊണ്ട് ബ്ലേയ്ഡ് ഉപയോഗിച്ച് കീറിച്ചതാണെന്നും മര്‍ദിക്കാന്‍ ഷൈന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അത് ചെയ്തില്ലെന്നും സുഹൃത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെ മര്‍ദിച്ചശേഷം പുറത്ത് പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയെന്നായിരുന്നു പരാതി. ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചതായും കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചതായും സൈനികന്‍ പറയുന്നു. ടീ ഷര്‍ട്ട് കീറിയ ശേഷം മുതുകില്‍ പിഎഫ്ഐയെന്ന് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നും ഷൈന്‍ പരാതിയില്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ; യാത്ര ആലപ്പുഴ വഴി; സമയക്രമം ഇങ്ങനെ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ