രണ്ടാം വന്ദേഭാരത്: കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ഇന്നുമുതൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2023 07:41 AM  |  

Last Updated: 27th September 2023 07:41 AM  |   A+A-   |  

VANDE_BHARATH

കാസർകോട് സ്റ്റേഷനിൽ പുതിയ വന്ദേഭാരത് ട്രെയിനിനൊപ്പം സെൽഫിയെടുക്കുന്ന വിദ്യാർത്ഥികൾ /പിടിഐ

 

കാസർകോട്: കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് (20631) ഇന്ന് ആദ്യ  സർവീസ് നടത്തും. രാവിലെ ഏഴ് മണിക്ക് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ 3:05ന് തിരുവനന്തപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. 

ട്രെയിനിൽ ചെയർകാറിലും എക്സിക്യുട്ടീവ് ചെയറിലും ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല. വെയിറ്റിങ് ലിസ്റ്റ് 50 വരെ എത്തിയതിനാൽ തത്കാൽ മാത്രമാണ് ആശ്രയം. ചെയർകാറിൽ 96 സീറ്റും എക്സിക്യൂട്ടീവ് ക്ലാസിൽ 11 സീറ്റുമാണ് തത്കാലിലുള്ളത്. നിലവിൽ, ചൊവ്വാഴ്ച ഒഴികെ ആറുദിവസമാണ്‌ ആഴ്ചയിൽ സർവീസ്.

അതേസമയം, മൂന്നാമതൊരു വന്ദേഭാരത് ട്രെയിൻ കൂടി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിച്ചു. ചെന്നൈ ബേസിൻ ബ്രിഡ്ജിൽനിന്ന് നീലയും വെള്ളയും കലർന്ന എട്ട് കോച്ചുകളുള്ള റേക്കാണ് തിരുവനന്തപുരത്തെത്തിയത്. രണ്ടാം വന്ദേഭാരതിന്റെ പെയറിങ് ട്രെയിനാണ് ഇതെന്നാണ് വിവരം. കാസർകോട്ടുനിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തുന്ന ട്രെയിൽ വൈകിട്ട് 4:05നാണ് മടക്കയാത്ര ആരംഭിക്കേണ്ടത്. ഒരുമണിക്കൂർ കൊണ്ട് കൊച്ചുവേളിയിലെത്തിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകില്ലാത്തതിനാലാണ് പകരം റേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.

ഞായറാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ഒൻപത് വന്ദേഭാരത് ട്രെയിനുകളിൽ കേരളത്തിലെ രണ്ടാം വന്ദേഭാരത് മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്. രാജ്യത്ത് ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതിലും കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമാണ് ഓറഞ്ച് നിറം.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ജനങ്ങളെ ഭീതിപ്പെടുത്തി മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോവുന്നു'; ‘ഉമ്മൻചാണ്ടി – പിണറായി’ താരതമ്യം തിരിച്ചടിക്കു കാരണമായെന്ന് സിപിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ