മധുവിധുവിനെത്തി, ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു; പ്രിയദര്‍ശിനി പോള്‍ ഒറ്റയ്ക്ക് നാട്ടിലേക്ക്
കല്‍പ്പറ്റ: ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായാണ് ഒഡിഷ സ്വദേശിനി പ്രിയദര്‍ശിനി പോള്‍ ഭര്‍ത്താവിനൊപ്പം വയനാട്ടിലെത്തിയത്. എന്നാല്‍ വിധി വയനാട് ദുരന്തത്തിന്റെ രൂപത്തില്‍ തന്റെ ജീവിതം മാറ്റിമറയ്ക്കുമെന്ന് പ്രിയദര്‍ശിനി ഒരിക്കലും കരുതി കാണില്ല. ദുരന്തത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട പ്രിയദര്‍ശിനി കണ്ണീരോടെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങും.
വിനോദസഞ്ചാരത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് ഒപ്പമെത്തിയ പ്രിയദര്‍ശിനിയും സുഹൃത്ത് സ്വീകൃതിയും മാത്രമാണ് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. ഭര്‍ത്താവ് ഭുവനേശ്വര്‍ എയിംസിലെ ഡോ.ബിഷ്ണുപ്രസാദ് ചിന്നാരയ്ക്കും സുഹൃത്ത് ഡോ.സ്വാധിന്‍ പാണ്ടയ്ക്കും സ്വാധിനിന്റെ ഭാര്യ ഡോ.സ്വികൃതി മൊഹാപത്രയ്ക്കുമൊപ്പം ദുരന്തമുണ്ടാകുന്നതിന് തലേദിവസമാണ് പ്രിയദര്‍ശിനി ചൂരല്‍മലയിലെത്തിയത്. ഭുവനേശ്വര്‍ ഹൈടെക്ക് ആശുപത്രിയിലെ നഴ്‌സാണ് പ്രിയദര്‍ശിനി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉരുള്‍പൊട്ടലില്‍ റിസോര്‍ട്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ എല്ലാവരും കുത്തൊഴുക്കില്‍പെട്ടു. രാത്രി വൈകിയാണ് എല്ലാവരും ഉറങ്ങിയത്. ശബ്ദംകേട്ടു കണ്ണുതുറക്കുമ്പോള്‍ റിസോര്‍ട്ട് മണ്ണിനടിയിലായിരുന്നു. കഴുത്തൊപ്പമുയര്‍ന്ന ചെളിയില്‍ 200 മീറ്ററോളം ഒഴുകിപ്പോന്ന പ്രിയദര്‍ശിനിയും സ്വികൃതിയും സ്‌കൂള്‍ പരിസരത്ത് തങ്ങിനില്‍ക്കുകയായിരുന്നു. ഇവരുടെ അലര്‍ച്ച കേട്ടെത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ചത്.
നാലുപേരുണ്ടെന്നും ഒഴുകിവന്നിട്ടുണ്ടെന്നും ഇവര്‍ രക്ഷാപ്രവര്‍ത്തകരോടു പറഞ്ഞു. ബാക്കിയുള്ളവരെ തിരഞ്ഞു നടന്നപ്പോഴാണ് രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. ഉടന്‍തന്നെ യുവതികളെയുമായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രിയദര്‍ശിനിയുടെ ഭര്‍ത്താവ് ഡോ. ബിഷ്ണുപ്രസാദ് ചിന്നാരയുടെ മൃതദേഹം ചൂരല്‍മലയില്‍നിന്നു കഴിഞ്ഞദിവസം ലഭിച്ചിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഡോ. സ്വാധിന്‍ പാണ്ടയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭാര്യ സ്വികൃതി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ