

കൊച്ചി: ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചത് നാടിനെ നൊമ്പരപ്പെടുത്തിയിരിക്കുകയാണ്. നിയന്ത്രണം വിട്ട കാര്‍ മഴ പെയ്ത് നനഞ്ഞ റോഡില്‍ തെന്നി നീങ്ങുകയായിരുന്നു എന്ന് അപകട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഹൈഡ്രോപ്ലെയിനിങ് കാരണമായിരിക്കാം വാഹനം തെങ്ങി നീങ്ങിയത്. മഴക്കാലത്ത് റോഡില്‍ സംഭവിച്ചേക്കാവുന്ന അത്യന്തം അപകടകരമായ ഒന്ന് ആണ് ഹൈഡ്രോപ്ലെയിനിങ്. മഴയത്ത് വാഹനമോടിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്.
എന്താണ് ഹൈഡ്രോപ്ലെയിനിങ്
നിരത്തുകളില്‍ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിംഗും സ്റ്റീയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവര്‍ത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവര്‍ത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള friction മൂലമാണ് (ഓര്‍ക്കുക മിനുസമുള്ള തറയില്‍ എണ്ണ ഒഴിച്ചാല്‍ നമുക്ക് നടക്കാന്‍ പോലും കഴിയാത്തതും ഈ ഘര്‍ഷണത്തിന്റെ അഭാവമാണ്).
വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്റെ പമ്പിംഗ് ആക്ഷന്‍ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയില്‍ ടയര്‍ റോഡില്‍ സ്പര്‍ശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളില്‍ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള Contact നിലനിര്‍ത്തും എന്നാല്‍ ടയറിന്റെ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാന്‍ കഴിയുന്ന അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമര്‍ദ്ദത്തില്‍ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിള്‍ അല്ലാത്തതു കൊണ്ട് തന്നെ ഈ മര്‍ദ്ദം മൂലം ടയര്‍ റോഡില്‍ നിന്ന് ഉയരുകയും ചെയ്യും.
അങ്ങിനെ ടയറിന്റെയും റോഡിന്റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.
റോഡും ടയറുമായുള്ള സമ്പര്‍ക്കം വേര്‍പെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്‌സിലറേറ്ററിന്റെയും പ്രവര്‍ത്തനം സാദ്ധ്യമല്ലാതെ വരികയും, വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഡ്രൈവര്‍ക്ക് നഷ്ടമാകുകയും ചെയ്യുകയും തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കും.
വാഹനത്തിന്റെ വേഗത വര്‍ദ്ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലെയിനിങ്് സാദ്ധ്യതയും കൂടുന്നു. മാത്രവുമല്ല ടയര്‍ തേയ്മാനം മൂലം ടയറിന്റെ spillway യുടെ കനം (groove) കുറയുന്നതോടെ പമ്പിംഗ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലെയിനിങ് സംഭവിക്കുന്നതിന് കാരണമാകും.
ത്രെഡ് ഡിസൈന്‍ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം.
ഹൈഡ്രോപ്ലെയിനിങ്ങിനെ ബാധിക്കുന്ന ഘടകങ്ങള്‍
ഹൈഡ്രോപ്ലെയിനിങ്ങിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്.
വേഗത - വേഗത തന്നെയാണ് ഏറ്റവും പ്രധാന ഘടകം
ത്രെഡ് ഡിസൈന്‍ - ചില ത്രെഡ് ഡിസൈന്‍ ഹൈഡ്രോപ്ലെയിനിങ്ങിന് സഹായകരമാകും.
ടയര്‍ സൈസ് - സര്‍ഫസ് ഏരിയ കൂടുന്നത് ഹൈഡ്രോപ്ലെയിനിങ് കുറക്കും.
എയര്‍ പ്രഷര്‍ - ഓവര്‍ ഇന്‍ ഫ്‌ളേഷന്‍ അക്വാപ്ലെയിനിങ്് സാധ്യത കൂട്ടും.
ജലപാളിയുടെ കനം
വാഹനത്തിന്റെ തൂക്കം - തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോപ്ലെയിനിങ് കുറയും.
റോഡ് പ്രതലത്തിന്റെ സ്വഭാവം - മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലെയിനിങ്ങിനെ വര്‍ദ്ധിപ്പിക്കും..
നിയന്ത്രണം നഷ്ടമായാല്‍
ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാല്‍ ഡ്രൈവര്‍ ഉടന്‍ തന്നെ ആക്‌സിലറേറ്ററില്‍ നിന്ന് കാല് പിന്‍വലിക്കേണ്ടതും സഡന്‍ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ജലപാളി പ്രവര്‍ത്തനം (ഹൈഡ്രോപ്ലെയിനിങ് ) തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗത കുറക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളില്‍ (നല്ല വേഗതക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ് ), കൂടാതെ ജലം Spill way ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകള്‍ തേയ്മാനം സംഭവിച്ച ടയറുകള്‍ ഒഴിവാക്കുക തന്നെ വേണം. ശരിയായി ഇന്‍ഫ്‌ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഒഴിവാക്കുകയും ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates