സിദ്ധാർഥന്റെ ആത്മഹത്യ; 17 വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

പുതിയ അന്വേഷണം നടത്താൻ സർവകലാശാല ആന്റി റാ​ഗിങ് സ്ക്വാഡിനു നിർദ്ദേശം
High Court kerala
ഹൈക്കോടതിഫയൽ
Updated on
1 min read

കൊച്ചി: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 17 വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സർവകലാശാല നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ഡീബാർ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ഉത്തരവ്.

പുതിയ അന്വേഷണം നടത്താൻ സർവകലാശാല ആന്റി റാ​ഗിങ് സ്ക്വാഡിനു ഹൈക്കോടതി നിർദ്ദേശം നൽകി. വിദ്യാർഥികൾക്കു മറ്റേതെങ്കിലും കോളജിൽ പ്രവേശനം നേടുന്നതിനുള്ള 3 വർഷത്തെ വിലക്കും കോടതി നീക്കി. വിദ്യാർഥികൾക്കു മണ്ണുത്തിൽ പഠനം തുടരാൻ അവസരം നൽകണമെന്നും എന്നാൽ ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം.

കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാർ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുത്. ഹർജിക്കാരിൽ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാൽ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.

യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാർഥികൾ ഹർജിയിൽ പറഞ്ഞു. തുടർന്നാണ് പുതിയ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. വിദ്യാർഥികളിൽ ഓരോരുത്തർക്കുമെതിരെയുള്ള കുറ്റങ്ങൾ വ്യക്തമാക്കി വേണം നോട്ടീസ് നൽകാൻ. കേസിൽ പ്രതികളായിരുന്ന 19 വിദ്യാർഥികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് സിദ്ധാർഥനെ തൂങ്ങി മരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്സിന്റേയും പീഡനവു റാ​ഗിങും മൂലം സിദ്ധാർഥൻ ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്.

സ്വാഭീവിക നീതി ഉറപ്പാക്കിക്കൊണ്ടുള്ള സുതാര്യമായ അന്വേഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഹർജിക്കാർക്ക് എതിരേയുള്ള ആരോപണങ്ങളിലേക്ക് തങ്ങൾ കടക്കുന്നില്ലെന്നും മറിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാൻ സാധ്യമായ അവസരം അവർക്കു നൽകുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളിൽ 97 സാക്ഷി മൊഴികളും നടപടിക്രമങ്ങളും പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ച ആന്റി റാ​ഗിങ് സംഘത്തിന്റെ നടപടി അഭിനന്ദനം അർഹിക്കുന്നു. അവരുടെ തെറ്റുകൾ കണ്ടുപിടിക്കലല്ല മറിച്ച് 7 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദ്ദത്തിലായിരുന്നു അവർ. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ സമ്മർദ്ദങ്ങളും അവർക്കുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കിയപ്പോൾ സ്വാഭാവിക നീതയുടെ നിഷേധം ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ പാലിച്ച് പുതിയ അന്വേഷണം നടത്താൻ ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com