

കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്‌നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല, ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു..
'എന്റെ അച്ഛനാണ് എനിക്ക് ഏറ്റവും പരിചയമുള്ള അച്ഛന്‍. ആ അച്ഛന്‍ എങ്ങനെ ആയിരുന്നവോ, അതിന്റെ ഒരുപ്പപ്പൂന്‍ അച്ഛനായിരുന്നു സഖാവ് നായനാര്‍. ഒരമ്മയുടെ ഉത്തരവാദിത്തമെന്നത് ശാരദാമ്മയെ സംബന്ധിച്ച് ഒരുപാട് പേരുടെ, സ്വന്തവും ബന്ധവും അല്ലാത്ത നിരവധി പേരുടെ അമ്മയായി വര്‍ത്തിച്ചുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല. ഇതുപോലെ കല്യാശേരിയിലെ വിട്ടീലെത്തിയാല്‍ ഒന്നുവാരിപ്പുണര്‍ന്ന് അനുഗ്രഹം വാങ്ങും. ഈ വേദിയില്‍ എനിക്ക് അമ്മയുടെ മൂത്തസന്താനത്തിന്റെ സ്ഥാനമാണ് ഞാന്‍ എടുത്തിരുക്കുന്നത്. അങ്ങനെയെ എനിക്ക് പറയുവാന്‍ സാധിക്കു. ഈ അമ്മയെ ഞാനിങ് എടുക്കുവാ, എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍. അത് ശാരദാമ്മയുടെ മറ്റ് മക്കളും അംഗീകരിച്ചതാണ്.
92 മുതലാണ് സഖാവുമായി ബന്ധം തുടരുന്നത്. അദ്ദേഹം തിരുവന്തപുരം ആശുപത്രിയില്‍ ചുമബാധിച്ച് കിടക്കുമ്പോള്‍ ലീഡര്‍ പറഞ്ഞ് അറിഞ്ഞാണ് ഞാന്‍ അവിടെ എത്തുന്നത്. അന്ന് അമ്മ അടുത്തിട്ടുണ്ട്. അന്ന് മഹാഭാരതം അവലോകനം ചെയ്ത് ഏറെ നേരം സംസാരിച്ചു. എന്നിട്ട് എന്റെ കൃഷ്ണനെ കളിയാക്കി പറഞ്ഞുകൊണ്ട് തന്റെ കൃഷ്ണനുണ്ടല്ലോടോ അവനാ ഈ ലോകത്തെ ഏറ്റവും വലിയ കള്ളന്‍. കൗരവന്‍മാര്‍ക്ക് പണികൊടുത്ത പെരുങ്കള്ളനാ എന്ന് പറഞ്ഞു. അപ്പോള്‍ കൃഷ്ണകുമാറിന്റെ മകന്റെ ചോറൂണിന്റെ ഫോട്ടോ ഞാന്‍ കണ്ടെന്ന് പറഞ്ഞപ്പോള്‍ അന്ന് കണ്ണ് നിറഞ്ഞ സഖാവിനെ കണ്ടു. ആരുടെയും മുന്നില്‍ കണ്ണുനിറയുന്നയാളല്ല സഖാവ്. അത്ര കരുത്തനായിരുന്നു' - സുരേഷ് ഗോപി പറഞ്ഞു.
മക്കളുടെ ആഗ്രഹപ്രകാരമാണ് ശാരദ ടീച്ചര്‍ നവതി ആഘോഷത്തിന് ഒരുങ്ങിയത്. ശാരദ ടീച്ചറുടെ തൊണ്ണൂറാം ജന്മദിനത്തിന് ഒരു പ്രത്യേകത കൂടെയുണ്ട്. ജന്മദിനവും ജന്മനാളും ഒരുമിച്ച് വന്നെത്തുന്നുവെന്ന സവിശേഷതയാണത്. ആ ഭാഗ്യം തൊണ്ണൂറിന്റെ നിറവില്‍ തന്നെ ലഭിച്ചതില്‍ സന്തോഷമുണ്ട് ശാരദ ടീച്ചര്‍ക്ക് 'നവംബര്‍ ഏഴിനാണ് ശാരദ ടീച്ചറുടെ ജന്മദിനം നായനാരുടേത് ഒന്‍പതിനും. എന്നാല്‍ അദ്ദേഹം ജന്മദിനം ആഘോഷിക്കാറില്ല. 'എന്ത് പിറന്നാള്‍' എന്ന് നായനാര്‍ പറയാറുള്ളത് ഇന്നും ശാരദയുടെ മനസിലുണ്ട്.
'എണ്‍പതാം വയസ്സില്‍ മക്കളുടെ നിര്‍ബന്ധപ്രകാരം സഖാവിന്റെ ജന്മദിനം ആഘോഷിച്ചു. ആ വര്‍ഷം മാത്രം എന്ത് പിറന്നാള്‍ എന്ന സ്ഥിരം വാചകം നായനാര്‍ പറഞ്ഞിരുന്നില്ലെന്ന് ശാരദ ടീച്ചര്‍ ഓര്‍ത്തെടുത്തു. നായനാരുടെയും കെ കരുണാകരന്റെയും സൗഹൃദം നന്നായി അറിയുന്ന ഒരാളാണ് ശാരദ ടീച്ചര്‍'സഖാവിന്റെ ജന്മദിനത്തിലും ഓര്‍ക്കാന്‍ ഇരുവരുടെയും കളങ്കമില്ലാത്ത സൗഹൃദത്തിന്റെ ഒരു കഥയുണ്ട്. അന്നൊരു ജന്മദിനത്തില്‍ നായനാര്‍ ചികിത്സയിലായിരുന്നു. അതേ ആശുപത്രിയില്‍ ആസ്മയുടെ ചികിത്സയ്ക്കായി കരുണാകരനും എത്തി. രോഗാവസ്ഥയില്‍ കിടക്കുന്ന സഖാവിനെ ഓര്‍ത്ത് അദ്ദേഹത്തിന്റെ ജന്മദിനം ശാരദ ടീച്ചറുടെ മനസ്സിലെത്തിയിരുന്നില്ല. പക്ഷേ ആശുപത്രി മുറിയില്‍ നായനാര്‍ക്ക് ജന്മദിനാശംസകള്‍ അറിയിച്ചു കെ കരുണാകരന്‍ എത്തിയത് അത്ഭുതമായി തോന്നി. അപ്പോഴാണ് ശാരദ പോലും സഖാവിന്റെ ജന്മദിനമാണെന്ന് ഓര്‍ത്തതെന്ന് ശാരദ ടീച്ചര്‍ അനുസ്മരിച്ചു.
പാര്‍ട്ടിയും ജനങ്ങളുമായിരുന്നു എന്നും സഖാവിന്റെ മനസ്സില്‍. എല്ലാവരെയും സ്‌നേഹിച്ചു. ജനങ്ങളില്‍ നിന്ന് എനിക്ക് ഇന്ന് ആ സ്‌നേഹം തിരിച്ചു കിട്ടുന്നു. ഈ തൊണ്ണൂറാം വയസ്സില്‍ വേറെന്ത് വേണം.' ചുമരിലെ നായനാരുടെ ചിരിച്ച ഫോട്ടോയില്‍ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ശാരദ പറഞ്ഞു. ധര്‍മ്മശാലയിലെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നവതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നാല് തലമുറയ്ക്ക് ഒപ്പം ഇരുന്നാണ് ശാരദ ടീച്ചര്‍ ഇന്ന് ജന്മദിനം ആഘോഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates