ഏകാദശി നാളില്‍ കണ്ണനെ കണ്ടു തൊഴുത് ഭക്തസഹസ്രങ്ങള്‍; പ്രസാദ ഊട്ടില്‍ പങ്കെടുത്തത് 40,000ലധികം പേര്‍

ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ കണ്ടു തൊഴുതത് ഭക്തസഹസ്രങ്ങള്‍
Guruvayur Ekadasi
​ഗുരുവായൂർ ഏകാദശി തൊഴാൻ എത്തിയ ഭക്തരുടെ തിരക്ക്IMAGE CREDIT: Guruvayur Devaswom
Updated on
1 min read

തൃശൂര്‍: ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ കണ്ടു തൊഴുതത് ഭക്തസഹസ്രങ്ങള്‍. ദര്‍ശന സായൂജ്യം നേടിയ നിറവില്‍ ഏകാദശി പ്രസാദ ഊട്ടില്‍ പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം.

മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ഭക്തര്‍ ഇത്തവണ എത്തി. വി ഐ പി / സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ ഒഴിവാക്കിയും നേരിട്ട് കൊടിമരം വഴി നാലമ്പലത്തിലേക്ക് കടത്തിവിട്ടും ഭക്തര്‍ക്ക് ദേവസ്വം ദര്‍ശന സൗകര്യമൊരുക്കി. രാവിലെ പതിനൊന്നു മണിയോടെ പൊതുവരി ക്ഷേത്രം കിഴക്കേ നട വഴി ടൗണ്‍ ഹാള്‍ വരെ നീണ്ടു. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ വരി കൗസ്തുഭം പരിസരം ആയി കുറഞ്ഞു. ഭക്തരുടെ എണ്ണം ക്രമാതീതമായി കൂടിയെങ്കിലും പൂജ നടക്കുന്ന വേളയിലല്ലാതെ ക്ഷേത്രം നട തുറന്നിരുന്നതിനാല്‍ തടസ്സമേതുമില്ലാതെ ഭക്തര്‍ക്ക് ദര്‍ശനം ലഭിച്ചു.

രാവിലെ ഉഷപൂജക്കു ശേഷം നടന്ന കാഴ്ചശീവേലിക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ സ്വര്‍ണക്കോലമേറ്റി. ഗുരുവായൂര്‍ ശശിമാരാരുടെ നേതൃത്വത്തിലുള്ള മേളം രാവിലെ കാഴ്ചശീവേലിക്ക് അകമ്പടിയായി. പല്ലശ്ശന മുരളി, കലാമണ്ഡലം ഹരി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് കിഴക്കോട്ടെഴുന്നള്ളിപ്പ് നടന്നു. കൊമ്പന്‍ ഗോകുല്‍ കോലമേറ്റി. തിടമ്പില്ലാത്ത കോലവുമായി പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് നിറപറയോടെ എഴുന്നള്ളിപ്പിനെ വരവേറ്റ ശേഷം നാഗസ്വരത്തിന്റെ അകമ്പടിയോടെയായിരുന്നു തിരിച്ചെഴുന്നള്ളിപ്പ്. വൈകിട്ട് കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവ നടന്നു.

ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ വഹിച്ചുള്ള രഥം നാമജപമന്ത്രങ്ങളോടെയും വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തിരിച്ചെഴുന്നള്ളിപ്പില്‍ ഗുരുവായൂര്‍ മുരളിയുടെ നാദസ്വരം അകമ്പടിയായി. ഉച്ചയ്ക്കുള്ള കാഴ്ച ശീവേലിയുടെ പഞ്ചവാദ്യത്തിന് - കുനിശ്ശേരി അനിയന്‍ മാരാര്‍(തിമില) - കലാമണ്ഡലം നടരാജ വാര്യര്‍(മദ്ദളം), പല്ലശ്ശന സുധാകരന്‍(ഇടയ്ക്ക) എന്നിവര്‍ നേതൃത്വം നല്‍കി.

സന്ധ്യക്ക് ഗുരുവായൂര്‍ ഗോപന്‍ മാരാരുടെ നേതൃത്വത്തിലായിരുന്നു തായമ്പക. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഇന്ദ്രസെന്‍, വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടയ്ക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍ നെയ് വിളക്കുകള്‍ തെളിച്ചു. മേളത്തിന്റെ അകമ്പടിയോടെ അഞ്ചാമത്തെ പ്രദക്ഷിണം നടന്നു. കിഴക്കൂട്ട് അനിയന്‍ മാരാരും തിരുവല്ല രാധാകൃഷ്ണനും നേതൃത്വം നല്‍കുന്ന മേളം അരങ്ങേറി. വൈകീട്ട് 6:30 ന് ഗുരുവായൂര്‍ ഗോപന്‍ മാരാര്‍ നയിക്കുന്ന തായമ്പകയും രാത്രി വിളക്കിന് ഇടയ്ക്കയോടെയുള്ള ശീവേലിയുമുണ്ടായി. ഗുരുവായൂര്‍ മുരളിയും വടശ്ശേരി ശിവദാസനും നെന്മാറ കണ്ണനും നേതൃത്വം നല്‍കിയ നാഗസ്വരവും അകമ്പടിയായി. ഏകാദശിവ്രതമെടുക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രസാദ ഊട്ടിന് വന്‍തിരക്കായിരുന്നു.

40,000ലധികം പേര്‍ക്ക് പ്രസാദ ഊട്ട് നല്‍കി. ദ്വാദശി ദിവസമായ വ്യാഴം പുലര്‍ച്ചെ നടക്കുന്ന ദ്വാദശിപ്പണ സമര്‍പ്പണത്തോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. ക്ഷേത്രം കൂത്തമ്പലത്തിലാണ് ദ്വാദശിപ്പണ സമര്‍പ്പണം. ദശമി ദിവസം പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യദര്‍ശനത്തിനായി തുറന്ന ക്ഷേത്രനട വ്യാഴം രാവിലെ ഒമ്പതിന് അടയ്ക്കും. ശുദ്ധികര്‍മങ്ങള്‍ക്കുശേഷം വൈകീട്ടാണ് തുറക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com