കോട്ടയം: ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ കോട്ടയത്ത് തുറന്നു. എംസി റോഡരികില്‍ മണിപ്പുഴയിലാണ് ലുലുമാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട്‌നിലകളിലായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാളിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.
'എനിക്ക് മൂന്ന് കാര്യങ്ങളാണ് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോടു പറയാറുള്ളത്, കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ നിയമവിരുദ്ധമായി പണം സമ്പാദിക്കരുത്. സര്‍ക്കാരിനെയോ കസ്റ്റമറിനെയോ കമ്പനിയെയോ പറ്റിച്ചു പണമുണ്ടാക്കരുത്. ഗുണനിലവാരം ഉള്ള സാധനങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളു. 23,000ല്‍ ഏറെപ്പേര്‍ ഇന്ത്യയില്‍ ലുലു ഗ്രൂപ്പിനായി ജോലി ചെയ്യുന്നുണ്ട്. ഫുഡ് പ്രോസസിങ് യൂണിറ്റുകളിലൂടെ ഗുണനിലവാരമുള്ള ഭക്ഷണം കൊടുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. കോട്ടയത്ത് അതായിരിക്കും ഞങ്ങളുടെ മുഖമുദ്ര. എല്ലാവരും വന്ന് അനുഗ്രഹിച്ചതില്‍ നന്ദി. 2000 പേര്‍ കോട്ടയം മാളില്‍ നേരിട്ടും പരോക്ഷമായും ജോലി ചെയ്യുന്നുമെന്നും' ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.
'കേരളത്തെ വളര്‍ത്താന്‍ രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, ബിസിനസുകാര്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. യൂട്യൂബര്‍മാര്‍ പലതും നശിപ്പിക്കാന്‍ വേണ്ടിയാണു ശ്രമിക്കുന്നത്. നമ്മളെ ആട്ടിപ്പായിക്കാന്‍ ചില വ്‌ലോഗര്‍മാര്‍ ഉണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരാരും ഈ നാടിനു വേണ്ടി ഒരു സംഭാവനയും ചെയ്യാതെ നാട്ടിലെ പലതും നശിപ്പിക്കാനാണു നിലനില്‍ക്കുന്നത്'. അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചെറുപ്പക്കാര്‍ വിദേശത്തേക്കു പോകുകയാണ്. കേരളത്തില്‍ പുതിയ പദ്ധതികള്‍ വരണം. പഴയനിയമങ്ങള്‍ മാറി പുതിയ നിയമങ്ങള്‍ വരണം, വാണിജ്യ പദ്ധതികള്‍ വരണം. കേരളം ഒരു മുതിര്‍ന്ന പൗരന്മാരുടെ സ്വര്‍ഗമായി മാറരുത്. യുസഫലി പറഞ്ഞു.
നിലവാരവും സ്‌നേഹവും മുറുകെപ്പിടിച്ചുള്ള യൂസഫലിയുടെ ലുലുവിന്റെയും പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഹൈപ്പര്‍ മാര്‍ക്കറ്റ്, ബീഫ് സ്റ്റാള്‍, ഇന്‍ഹൗസ് ബേക്കറി, ഹൗസ് കിച്ചണ്‍, ലുലു ഫാഷന്‍, ലുലു കണക്ട് മുതലായവയാണ് മാളിന്റെ ശ്രദ്ധാകേന്ദ്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക