എല്‍ദോസിന് വിട നല്‍കി നാട്; സര്‍ക്കാരിന് മുന്നറിയിപ്പുമായി ജനരോഷം; വിഡിയോ

നൂറ് കണക്കിനാളുകളാണ് മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
eldos creamation kothamangalam
എല്‍ദോസിന് അന്ത്യചുംബനം നല്‍കി ബന്ധുക്കള്‍
Updated on

കൊച്ചി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എല്‍ദോസിന് നാടിന്റെ യാത്രാമൊഴി. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ക്ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മര്‍ത്തോമ പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. നൂറ് കണക്കിനാളുകളാണ് മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വൈകിട്ട് 4.45 ഓടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുന്ന എല്‍ദോസ് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ഇരുട്ടില്‍ കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. കാട്ടാന കൊമ്പു കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എല്ലുകളാകെ നുറുങ്ങിയ നിലയിലായിരുന്നു.

വനം വകുപ്പിന്റെ വാഗ്ദാന ലംഘനങ്ങളെ കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍ സംസ്‌കാര ശുശ്രൂഷയ്ക്കിടെ വിമര്‍ശിച്ചു. ജനം പൊറുതിമുട്ടിയില്‍ പലതും ചെയ്തിരിക്കുമെന്ന് ജോര്‍ജ് മടത്തിക്കണ്ടത്തില്‍ പറഞ്ഞു. ഇവിടെ വനപാലകരുണ്ട്. ജനപാലകരില്ല. എല്ലാ കാലത്തും പ്രതിഷേധം സമാധാനപരമായിരിക്കില്ല. ഇനിയൊരാള്‍ക്ക് ആപത്തുണ്ടായാല്‍ ഇതായിരിക്കില്ല പ്രതികരണമെന്നും ബിഷപ്പ് പറഞ്ഞു.

ഹര്‍ത്താല്‍ ആചരിച്ച് പ്രതിഷേധിച്ച നാട്ടുകാര്‍, ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലത്തെ വനം വകുപ്പ് ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി നടത്തി.കിടങ്ങ് നിര്‍മ്മിച്ചും ഫെന്‍സിംഗ് ഉറപ്പാക്കിയും കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്ന നാട്ടുകാര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഇതിനോട് ഇത്രനാളും മുഖം തിരിച്ചു നിന്നിരുന്ന റവന്യു - വനം വകുപ്പുകള്‍ എല്‍ദോസിന്റെ മരണത്തിന് പിന്നാലെ നടപടികള്‍ ആരംഭിച്ചു.

ജില്ലാ കലക്ടര്‍ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ രാവിലെ തന്നെ ട്രഞ്ച് നിര്‍മ്മാണം തുടങ്ങി. വനം വകുപ്പ് അനാസ്ഥയ്‌ക്കെതിരെ ഇന്ന് പുലര്‍ച്ച വരെ നീണ്ടുനിന്ന നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ഇന്നലെ രാത്രി കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ ഇടത്ത് നിന്ന് എല്‍ദോസിന്റെ മൃതദേഹം നീക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com