MV Jayarajan
എം വി ജയരാജൻവിഡിയോ സ്ക്രീൻഷോട്ട്

'നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെങ്കിൽ പി പി ദിവ്യ കുറ്റക്കാരിയല്ല'; എം വി ജയരാജൻ

കുടുംബത്തിന്റെ ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് പറയുന്നത്.
Published on

കണ്ണൂര്‍: കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കണ്ണൂർ ഡിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകമാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിൽ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ദിവ്യക്ക് അനുകൂലമാണെന്ന് എം വി ജയരാജന്‍ പറഞ്ഞു.

കുടുംബത്തിന്റെ ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് പറയുന്നത്. അതിന്റെ മറ്റൊരര്‍ഥം പി പി ദിവ്യ കുറ്റക്കാരി അല്ലെന്ന് ഹര്‍ജിക്കാരി തന്നെ പറയുന്നു എന്നാണെന്നും എം വി ജയരാജന്‍ പറഞ്ഞു. ദിവ്യയുടെ പേരിലുള്ള ആരോപണം ആത്മഹത്യാ പ്രേരണയാണെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

ദിവ്യക്കെതിരെ ഇതുവരെ കൊന്നു കെട്ടിത്തൂക്കി എന്ന ആരോപണം ഉയര്‍ന്നിട്ടില്ല. കൊലപാതകമാണെങ്കില്‍ ആരാണ് അത് ചെയ്തതെന്ന് അന്വേഷിക്കണം. ആരായാലും അന്വേഷണം നടക്കണം. സിബിഐ അന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. നവീന്‍ ബാബുവിനെ തങ്ങള്‍ക്കറിയുന്നതു പോലെ മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

കൈക്കൂലി വാങ്ങാത്തതാണ് നവീന്‍ ബാബുവിന്റെ ചരിത്രം. എന്നാല്‍ ഉയര്‍ന്നുവന്ന ആരോപണം കൈക്കൂലി വാങ്ങിയെന്നാണ്. അതിന്റെ സത്യം എന്താണെന്ന് തങ്ങള്‍ക്കറിയില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിലും ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം ശരിയായില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com