vandiperiyar case accused arjun must surrender
അര്‍ജുന്‍

പോക്‌സോ കോടതി വെറുതെ വിട്ടു; വണ്ടിപ്പെരിയാര്‍ കേസില്‍ അര്‍ജുന്‍ പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങണം; അസാധാരണ നടപടി

കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
Published on

കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വെറുതെവിട്ട അര്‍ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ബോണ്ട് നല്‍കിയാല്‍ അര്‍ജുനെ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു.

കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദേശിക്കുന്നത് അപൂര്‍വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണം. അല്ലാത്ത പക്ഷം പൊലീസിന് അര്‍ജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com