![Insulting Ambedkar](http://media.assettype.com/samakalikamalayalam%2F2024-12-21%2Fzt8yqhzv%2F4a12d579-dba9-452b-bd70-e74678c9d581.jpg?w=480&auto=format%2Ccompress&fit=max)
കോഴിക്കോട്: ഭരണഘടനാ ശില്പിയായ അംബേദ്ക്കറെ അപമാനിക്കുക വഴി രാജ്യത്തെ പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങളോടുള്ള കേന്ദ്ര സർക്കാറിൻ്റെ പുച്ഛ മനോഭാവമാണ് വ്യക്തമായതെന്ന് കെഎൻഎം മർകസുദവ. അംബേദ്കറെ അപമാനിച്ച ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും സംസ്ഥാന എക്സിക്ടീവ് യോഗം വ്യക്തമാക്കി.
സുപ്രീം കോടതി നിർദേശത്തെ വെല്ലുവിളിച്ച് സംഭാലിലെ മുസ്ലിംകളുടെ കെട്ടിടങ്ങൾ ബുൾഡോസർ വച്ച് തകർക്കുന്ന യുപിയിലെ യോഗി അദിത്യ നാഥ് സർക്കാറിനെതിരെ ശക്തമായ നടപടി വേണം. സംസ്ഥാന മുഖ്യമന്ത്രി തന്നെ രാജ്യത്തെ പരമോന്നത നീതി പീഠത്തെ വെല്ലുവിളിക്കുകയാണെന്നും യോഗം വിലയിരുത്തി.
പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളീയ മുസ്ലിംകളിൽ നിന്ന് വേരറുത്തു കളഞ്ഞ ജിന്ന് ബാധ, പിശാചിനെ അടിച്ചിറക്കൽ, കൂടോത്രം, ദുർമന്ത്ര വാദം തുടങ്ങിയ അന്ധ വിശ്വാസങ്ങൾ പുനരാനയിക്കാനുള്ള ചില പണ്ഡിതരുടെ നീക്കം ആശങ്കാജനകമാണ്. മുജാഹിദ് പ്രസ്ഥാനത്തിൻ്റെ പേരിൽ ജിന്ന് ബാധയും മാരണവും കൂടോത്രവും പ്രചരിപ്പിക്കുന്നവരെ സംവാദം നടത്തി ചെറുക്കാനും യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡൻ്റ് കെപി അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി സിപി ഉമർ സുല്ലമി യോഗം ഉദ്ഘാടനം ചെയ്തു. എം അഹ്മദ് കുട്ടി മദനി, പ്രഫ. കെപി സകരിയ്യ, എൻഎം അബ്ദുൽ ജലീൽ, ബിപിഎ ഗഫൂർ, അബ്ദുസ്സലാം പുത്തൂർ, സി മമ്മു കോട്ടക്കൽ, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, കെഎം കുഞ്ഞമ്മദ് മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, എൻജി. സൈതലവി, പ്രൊഫ. ഷംസുദ്ദീൻ പാലക്കോട്, കെഎം ഹമീദലി, സി ലത്തീഫ്, കെഎൽപി ഹാരിസ്, ഫൈസൽ നന്മണ്ട പ്രസംഗിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഖാസിം കൊയിലാണ്ടി, ആബിദ് മദനി, ഇസ്ഹാഖ് ബുസ്താനി, വിടി ഹംസ, ഹഫീസുല്ല പാലക്കാട്, റഷീദ് ഉഗ്രപുരം, ഉബൈദുല്ല പാലക്കാട്, നൂറുദ്ദീൻ എടവണ്ണ, സാക്കിർ ബാബു കുനിയിൽ, എംകെ ബഷീർ, മുസ്തഫ നിലമ്പൂർ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക