'രമേശ് ഇന്നലെ വന്ന നേതാവല്ല, മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ല'; വെള്ളാപ്പള്ളിക്ക് കെ സുധാകരന്റെ മറുപടി ( വീഡിയോ)

രമേശ് ചെന്നിത്തല ഇന്നലെ രാഷ്ട്രീയത്തിൽ വന്ന ആളൊന്നുമല്ലെന്നും കെ സുധാകരൻ കണ്ണൂരിൽ പറ‍ഞ്ഞു
ramesh chennithala, k sudhakaran
രമേശ് ചെന്നിത്തല, കെ സുധാകരന്‍ ഫയല്‍
Updated on
1 min read

കണ്ണൂർ: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ തെറ്റില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സാമുദായിക നേതാക്കൾ അഭിപ്രായം പറഞ്ഞതിൽ തെറ്റില്ല. അവരുടെ വോട്ടു വാങ്ങാമെങ്കിൽ അവർക്ക് അഭിപ്രായവും പറയാം. വ്യക്തിപരമായി അഭിപ്രായം പറഞ്ഞതിൽ തെറ്റില്ല. രമേശ് ചെന്നിത്തല ഇന്നലെ രാഷ്ട്രീയത്തിൽ വന്ന ആളൊന്നുമല്ലെന്നും കെ സുധാകരൻ കണ്ണൂരിൽ പറ‍ഞ്ഞു.

കെഎസ് യുവിലൂടെയാണ് രമേശ് ചെന്നിത്തല രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പാർട്ടിയുടെ കേരളത്തിലെ പല പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരു പാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്. രമേശിന് മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ല. അതുകൊണ്ട് മറ്റുള്ളവർക്ക് ആർക്കും പറ്റില്ലെന്ന് അർത്ഥമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസ് . ഞങ്ങളാരും ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ പറ്റുമോയെന്ന് അങ്ങോട്ട് പോയി ചോദിച്ചിട്ടില്ല. അങ്ങനെ പറയാൻ കഴിയില്ല. നേരത്തെയും കോൺഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരൻ മുഖ്യമന്ത്രിയായ കാലയളവിൽ അന്ന് എ കെ ആൻ്റണി, വയലാർ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ കരുണാകരനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായത്.

വെള്ളാപ്പള്ളിക്ക് ഈ കാര്യത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. ഇതു പുത്തരിയൊന്നുമല്ല നേരത്തെയും ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവരുടെ പൊളിറ്റിക്സുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന സമുദായത്തിൻ്റെ നേതാവായ വെള്ളാപള്ളിക്കും തൻ്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു ഞങ്ങൾ മാനിക്കും. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവർ ഒരു പാട് പേരുണ്ടെന്നും, ചർച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി സംഘടനയെ ശക്തമാക്കാനുള്ള ചർച്ച തുടങ്ങിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ അത്ഭുതകരമായ മുന്നേറ്റം പാർട്ടി നടത്തുമെന്നും സുധാകരൻ പറഞ്ഞു.

മോൻസൺ മാവുങ്കൽ കേസിൽ തന്നെ കുടുക്കാൻ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ്. നിങ്ങൾക്ക് പ്രമോഷൻ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോൾ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്. മോൻസൺ കേസിൽ അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്ന് താൻ അന്നേ പറഞ്ഞതാണ്. തെളിയിക്കാൻ കഴിയുമെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ നിലപാടാണ് താൻ സ്വീകരിച്ചത്. പി ശശിയുടെ പശ്ചാത്തലം കണ്ണൂരുകാരായ എല്ലാവർക്കും അറിയാമെന്നും കെ സുധാകരൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com