വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ്; കൈക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക്, നെയ്യാറ്റിന്‍കര ആര്‍ടി ഓഫീസില്‍ വന്‍ക്രമക്കേട്

പരിശോധനയില്‍ ജോയിന്റ് ആര്‍ടിഒയുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയില്‍നിന്ന് 3500- രൂപ വിജിലന്‍സ് പിടിച്ചെടുത്തു
Vehicle fitness; Bribe transferred to driver's account,  irregularities at Neyyattinkara RT office
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതടക്കമുള്ള വ്യാപക ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി.

പരിശോധനയില്‍ ജോയിന്റ് ആര്‍ടിഒയുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയില്‍നിന്ന് 3500- രൂപ വിജിലന്‍സ് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ ഏജന്റുമാര്‍ പല ദിവസങ്ങളിലും വന്‍ തുക ജോയിന്റ് ആര്‍ടിഒയ്ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിള്‍-പേ അക്കൗണ്ടിലേക്ക് അയച്ചു നല്‍കുന്നതായി കണ്ടെത്തി. മാസം ഒരു ലക്ഷത്തിലധികം രൂപ ഇങ്ങനെ അക്കൗണ്ടിലെത്തുന്നതായാണ് വിജിലന്‍സ് പറയുന്നത്.

നെയ്യാറ്റിന്‍കര സബ് ആര്‍ടി ഓഫീസില്‍ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങള്‍ ഒന്നും തന്നെ കൈക്കൂലി നല്‍കാതെ ലഭിക്കുന്നില്ലെന്ന് പലതവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് തുടര്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കുന്നതാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

നെയ്യാറ്റിന്‍കര ജോയിന്റ് ആര്‍ടി ഓഫീസില്‍ യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതിലൂടെ വന്‍ തുക കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ജില്ലാ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഈ വര്‍ഷം സംസ്ഥാന വ്യാപകമായും യൂണിറ്റ് അടിസ്ഥാനത്തിലും വിജിലന്‍സ് നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ 7,83,68,238 രൂപയാണ് പിഴയായി ഈടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com