തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്; ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഉപയോഗിച്ചു; എഡിജിപിയുടെ റിപ്പോര്‍ട്ട്

എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല.
Thrissur Pooram disruption
തൃശൂര്‍ പൂരം അന്വേഷണ റിപ്പോര്‍ട്ട്ഫയൽ ചിത്രം
Updated on

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നതായും സുന്ദര്‍ മേനോന്‍, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി ഇവര്‍ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. ചില രാഷ്്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായി ഇത് ഉപയോഗിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ പേരുകള്‍ മൊഴിയുടെ രൂപത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചെന്നും തല്‍പ്പരകക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചുവെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അനുവദിക്കാതിരുന്നാല്‍ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

തിരുവമ്പാടി ദേവസ്വം ആദ്യം മുതല്‍ തന്നെ നിയമവിരുദ്ധവും നടപ്പാക്കാന്‍ സാധിക്കാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചും ചെറിയ വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ചും പൂരം പൂര്‍ത്തിയാകാതിരിക്കാനുള്ള ശ്രമം നടത്തി പൂരം നിര്‍ത്തിവയ്പിച്ചു. സംസ്ഥാന ഭരണകൂടത്തിനും ജില്ലാ ഭരണകൂടത്തിനും എതിരെ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും തല്‍പ്പരകക്ഷികളും ചേര്‍ന്ന് സ്ഥാപി താത്പര്യത്തിനായി പൂരം അട്ടിമറിച്ചതു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയലാഭത്തിനായി തല്‍പ്പരകക്ഷികള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്ന് കമ്മീഷണര്‍ അങ്കിത് അശോകന്റെ പ്രവര്‍ത്തനത്തോടുള്ള നീരസം ചില പൊലിസുകാര്‍ പൂരക്കാര്യത്തില്‍ ഉപയോഗപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പൂരം നടത്തുകയല്ല, തൊടുന്യായം പറഞ്ഞ് പൂരം അട്ടിമറിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com