തൃശ്ശൂര്‍: ഡൽഹിയിൽ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോൾ, കേരളത്തിൽ പുൽക്കൂട് ആക്രമിച്ചു നശിപ്പിച്ചതിൽ സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെതിരെ ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഡൽഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നാടകമാണെന്നും മാർ മിലിത്തിയോസ് അഭിപ്രായപ്പെട്ടു.
''അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ ...!'' മാർ മിലിത്തിയോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ഡല്‍ഹിയിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുത്തത്.
ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതായി കാണിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിലുള്‍പ്പെടെ പുല്‍ക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്ത് പൊതുവേ സവര്‍ണഹിന്ദുത്വം മാത്രം മതി എന്ന സവര്‍ക്കറുടെയും മറ്റും ചിന്തക്ക് അനുസൃതമായ കാര്യമാണ് നടക്കുന്നത്. വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താല്‍ക്കാലികമായി പ്രീതിപ്പെടുത്തുന്നത്. യൂഹാനോന്‍ മിലിത്തിയോസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക