സ്വകാര്യവാഹനങ്ങള്‍ റെന്റ് എ കാര്‍ ആയി വാടകയ്ക്ക് നല്‍കാമോ?; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്- വിഡിയോ

സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും നല്‍കുന്നവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
RENT A CAR SCHEME
അനധികൃതമായി വാടകയ്ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുംസ്ക്രീൻഷോട്ട്
Updated on

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും നല്‍കുന്നവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിന് പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് മുന്നറിയിപ്പ് വിഡിയോയിലൂടെ മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതേപോലെ തന്നെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നതിലും തെറ്റില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോകുകയോ കൊണ്ടുവരികയോ ചെയ്യുന്നതും പത്രമാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍മീഡിയ വഴിയോ പരസ്യം നല്‍കി വാഹനങ്ങള്‍ മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നല്‍കുന്നതും മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും വിഡിയോയില്‍ പറയുന്നു.

സ്വകാര്യ വാഹനങ്ങളില്‍ എട്ടുസീറ്റില്‍ കൂടുതല്‍ ഘടിപ്പിച്ച വാഹനങ്ങള്‍ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. വാഹനഉടമ സത്യവാങ്മൂലം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങള്‍ സ്വകാര്യവാഹനമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത്. ഇത്തരം വാഹനങ്ങള്‍ എന്താവശ്യത്തിനായാലും മറ്റുള്ളവരുടെ ആവശ്യത്തിന് വിട്ടുനല്‍കുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യവാഹനങ്ങള്‍ റെന്റ് എ കാര്‍ എന്ന നിലയില്‍ വാടകയ്ക്ക് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

എന്നാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം റെന്റ് എ കാബ് എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനായി ലൈസന്‍സിന് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ 50ല്‍ കുറയാത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്. അതേപോലെ മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതിനായി റെന്റ് എ മോട്ടോര്‍ സൈക്കിള്‍ എന്ന സ്‌കീം പ്രകാരമുള്ള ലൈസന്‍സും ആവശ്യമാണ്.

റെന്റ് എ മോട്ടോര്‍ സൈക്കിള്‍ സ്‌കീമില്‍ ലൈസന്‍സിനായി അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ചു മോട്ടോര്‍ സൈക്കിളുകള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. ഇത്തരം വാഹനങ്ങളില്‍ കറുത്ത പ്രതലത്തില്‍ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത്. റെന്റ് എ കാബ് സ്‌കീമില്‍ ഉള്‍പ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം നിയമപരമായ സംവിധാനങ്ങളില്‍ കൂടി അനുവദനീയമായ വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് വാഹനത്തിന്റെ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, വാടകയ്ക്ക് വാഹനം ഉപയോഗിക്കുന്നവരുടെ സംരക്ഷണത്തിന് കൂടി കവര്‍ ചെയ്യപ്പെട്ടിട്ടുള്ള ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കും. ഇപ്രകാരം യാന്ത്രികക്ഷമത പരിശോധിച്ച് ഉറപ്പാക്കിയ വാഹനങ്ങള്‍ ആണ് പൊതുജനങ്ങളുടെ ഉപയോഗത്തിനായി വാടകയ്ക്ക് നല്‍കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും വിഡിയോയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com