തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരില്‍ അസാധാരണ നടപടിയുമായി എന്‍ പ്രശാന്ത്. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്. അഞ്ചു കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്.
തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥരായ ജയതിലകും ഗോപാലകൃഷ്ണനും ആർക്കും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിന്?. സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തിന്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്?. ഇത് എടുത്തത് ഏത് അക്കൗണ്ടില്‍ നിന്നാണ്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണോ എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നു.
താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കൂ എന്നാണ് പ്രശാന്തിന്റെ നിലപാട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫെയ്‌സ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. തൊട്ടു പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക