കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും കേസിലെ പതിനഞ്ചാം പ്രതിയായ എം സുരേന്ദ്രന്‍. ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നായിരുന്നു കോടതിയില്‍ സുരേന്ദ്രന്റെ കരഞ്ഞുകൊണ്ടുള്ള അപേക്ഷ. ഗൂഢാലോചന, കേസിലെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പതിനാല് പ്രതികളാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പത്ത് പ്രതികളെ വെറുതെ വിട്ടു. കേസില്‍ ജനുവരി 3ന് ശിക്ഷ വിധിക്കും.
കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചതിനാണ് തന്നെ സിബിഐ കുറ്റക്കാരനാക്കിയത് എന്നാണ് ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ പറഞ്ഞത്. കേസില്‍ 20ാം പ്രതിയാണ് കുഞ്ഞിരാമന്‍. രണ്ടാം പ്രതി സജിയെ പൊലീസ് സ്റ്റേഷനില്‍ നിന്നു ബലമായി ഇറക്കിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നായിരുന്നു കുഞ്ഞിരാമനെതിരെയുള്ള കുറ്റം. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ കുഞ്ഞിരാമന്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കുഞ്ഞിരാമനെ പ്രതി ചേര്‍ക്കുകയായിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക