Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ

ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവാക്കാന്‍ സംഘടിത ശ്രമം; മതാചാര്യനാക്കുന്നത് ഗുരുനിന്ദ: മുഖ്യമന്ത്രി

ഗുരുവിനെ ഒരു മതത്തില്‍ തളച്ചിടുന്നത് ശരിയാണോയെന്ന് പരിശോധിക്കണം
Published on

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവിനെ മതാചാര്യനെന്ന് വിശേഷിപ്പിക്കുന്നത് ഗുരുനിന്ദയാണ്. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീനാരായണ ​ഗുരുവിനെ കേവലം ഒരു മതനേതാവായോ മത സന്യാസിയായോ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി ​ഗുരുവിനെ തളച്ചിടുന്നത് ശരിയാണോ എന്ന് ചിന്തിക്കണം. ഗുരു എന്തിനൊക്കെ വേണ്ടി നില കൊണ്ടോ, അതിനൊക്കെ എതിരായ പക്ഷത്തേക്ക് ഗുരുവിനെ തട്ടിയെടുത്ത് കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഗുരു എന്തിനൊക്കെ എതിരെ പൊരുതിയോ, അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും.ഇന്ന് ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വാക്കാണ് സനാതന ഹിന്ദുത്വം എന്നത്. രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു ഈ വാക്ക്. സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ പഴയ രാജവാഴ്ചക്കാലമാണ്. ജനാധിപത്യം അലര്‍ജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു.

സനാതന ഹിന്ദുത്വം എന്നത് അതി മഹത്വവും അഭിമാനകരവുമായ എന്തോ ഒന്നാണെന്നും, അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പോംവഴിയെന്നുമുള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്. ഇതിന്റെ മുഖ്യ അടയാള വാക്യമായി ഉയര്‍ത്തിക്കാട്ടുന്നത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആശയവാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാകട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇത് ഒരു വിധത്തിലും എതിര്‍ക്കേണ്ടതല്ലല്ലോ, ഏറ്റവും ഉദാത്തമായ സങ്കല്‍പ്പമാണല്ലോ, ലോകത്ത് ഇത്ര ശ്രേഷ്ഠമായ അടയാള വാക്യം മുന്നോട്ടു വെച്ചത് ഹിന്ദുത്വം മാത്രമല്ലേ എന്നൊക്കെയാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.

ഈ വാദം ആവര്‍ത്തിക്കുന്നവര്‍ ഇതിനു തൊട്ടുമുമ്പത്തെ വരി ബോധപൂര്‍വെ മറച്ചു വെക്കുകയാണ്. പശുവിനും ബ്രാഹ്മണനും സുഖമുണ്ടാവട്ടെ എന്ന വരി മറച്ചു വെക്കുകയാണ്. ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്മണ കേന്ദ്രീകൃത രാഷ്ട്രീയവും ഒന്നു പരിശോധിച്ചു നോക്കുക. മനുഷ്യസ്‌നേഹമാണ് ഗുരുവിന്റെ സന്ദേശം. ആ സ്‌നേഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ല. അത്തരം വേര്‍തിരിവ് കല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ഗുരു സഹിക്കുമായിരുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിനെ ജാതിയുടേയോ മതത്തിന്റെയോ വേലി കെട്ടി അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അതിലും വലിയ ഗുരുനിന്ദ വേറെയുണ്ടാകാനില്ല. അക്കാര്യം നാം ഓര്‍മ്മിക്കേണ്ടതുണ്ട്. വെറുതെ ഓര്‍മ്മിച്ചാല്‍ പോരാ, അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സദാ ജാഗ്രത പുലര്‍ത്തുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തെ മിനി പാകിസ്ഥാനെന്ന് മഹാരാഷ്ട്ര മന്ത്രി വിളിച്ചത് അപലപനീയമാണ്. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നത്. പ്രസ്താവന നടത്തിയ മന്ത്രി രാജിവെക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com