കൊടി സുനിയുടെ അമ്മയും സഹോദരിയും മാധ്യമങ്ങളെ കാണുന്നു
കൊടി സുനിയുടെ അമ്മയും സഹോദരിയും മാധ്യമങ്ങളെ കാണുന്നു വിഡിയോ ദൃശ്യം

'ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക് ഇടയ്ക്കിടയ്ക്ക് പരോള്‍ കിട്ടുന്നു, എല്ലാവര്‍ക്കുമുള്ള ആനുകൂല്യം സുനിക്കും കിട്ടേണ്ടേ?'

പരോള്‍ ലഭിച്ചത് നിയമപരമായാണ്. ടിപി കേസിലെ പല പ്രതികള്‍ക്കും നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അര്‍ഹനാണെന്നും അമ്മയും സഹോദരിയും പറഞ്ഞു
Published on

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ വിവാദമാക്കേണ്ടതില്ലെന്ന് അമ്മ എന്‍കെ പുഷ്പയും സഹോദരി സുജിനയും. കഴിഞ്ഞ ആറുവര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ പരോള്‍ ലഭിച്ചത് നിയമപരമായാണ്. ടിപി കേസിലെ പല പ്രതികള്‍ക്കും നേരത്തെയും പലതവണ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അര്‍ഹനാണെന്നും അമ്മയും സഹോദരിയും പറഞ്ഞു. തലശേരി പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

'ആറ് വര്‍ഷമായിട്ട് കിട്ടിയ പരോളാണ്. അമ്മയുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് മകനെ കാണാന്‍ വേണ്ടി പരോള്‍ ആവശ്യപ്പെട്ടത്. ഇതേ കേസില്‍ ഇതേ ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് ഇടയ്ക്ക് ഇടയ്ക്ക് പരോള്‍ ലഭിക്കുന്നുണ്ട്. സുനിയുടെ പരോള്‍ മാത്രം എന്തിനാണ് മാധ്യമങ്ങള്‍ വിവാദമാക്കുന്നത്?. എല്ലാവര്‍ക്കുമുള്ള ആനുകൂല്യം സുനിക്കും കിട്ടേണ്ടതല്ലേ?'- സഹോദരി ചോദിച്ചു

കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും രംഗത്തുവന്നിരുന്നു. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് പരോള്‍ ലഭിച്ചത്. സുനിയുടെ അമ്മയുടെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ അനുവദിച്ചത്.

നേരത്തെ പരോള്‍ ലഭിച്ചപ്പോഴെല്ലാം ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നല്‍കരുതെന്നായിരുന്നു പൊലിസ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിലെ മനുഷ്യാവകാശ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അമ്മ അപേക്ഷ നല്‍കിയത്. ഇത് അംഗീകരിച്ചാണ് പരോള്‍ അനുവദിച്ചത്. സുനിക്ക് പരോള്‍ നല്‍കിയത് അസാധാരണ സംഭവമാണെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെകെ രമ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com