മാലിന്യ മുക്ത കേരളത്തിനായി യോജിച്ച് സര്‍ക്കാരും പ്രതിപക്ഷവും, ഒക്ടോബര്‍ രണ്ടുമുതല്‍ ആറുമാസം സംസ്ഥാന വ്യാപക പ്രചാരണം, നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കര്‍ശന വിലക്ക്

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ
vd satheesan, pinarayi vijayan
വിഡി സതീശനും പിണറായി വിജയനും ഫയൽ
Updated on
3 min read

തിരുവനന്തപുരം: ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്.

മാലിന്യ സംസ്‌കരണ പ്രവത്തനങ്ങളില്‍ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് ക്യാമ്പയിന്‍ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് സെപ്റ്റംബര്‍ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കും. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

ഇതിന് മുന്നോടിയായി അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഹരിതമായി മാറണം. മാലിന്യത്തിന്റെ അളവ് കുറക്കല്‍, കൃത്യമായി തരംതിരിക്കല്‍, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തില്‍ സംസ്‌കരിക്കല്‍, അജൈവ പാഴ് വസ്തുക്കള്‍ ഹരിതകര്‍മസേനകള്‍ വഴി കൈമാറല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിന് ആവശ്യമായ പ്ലാന്റുകള്‍ സ്ഥാപിക്കണം. ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില്‍ ലാന്റ് ഫില്ലുകള്‍ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം.

പാഴ് വസ്തു ശേഖരണം, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍, ശേഖരിച്ചവ സംഭരിക്കല്‍, പാഴ് വസ്തുക്കള്‍ നീക്കം ചെയ്യല്‍, സാനിറ്ററി മാലിന്യ സംസ്‌കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്‌കരണം, ലെഗസി മാലിന്യം നീക്കം ചെയ്യല്‍, ഗാര്‍ബേജ് വള്‍നറബിള്‍ പോയിന്റുകള്‍ നീക്കം ചെയ്യല്‍, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്‌കരണം, എന്‍ഫോഴ്‌സ്‌മെന്റ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയില്‍ വിടവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമ്പൂര്‍ണ മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തിയ ടൗണുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തുന്ന വിടവുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കും. ജനകീയ വിജിലന്‍സ് സ്‌ക്വാഡുകള്‍, പോലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പരിശോധനകള്‍ എന്നിവ കാര്യക്ഷമമാക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായ കാമറകള്‍ സ്ഥാപിക്കും.

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തികളിലും ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കും. ഇത്തരം പരിശോധനകള്‍ സംബന്ധിച്ച് മാര്‍ഗരേഖ വികസിപ്പിക്കാനും തദനുസൃതമായി പ്രവര്‍ത്തിക്കുന്ന ചെക്‌പോസ്റ്റുകളെ ഹരിത ചെക്‌പോസ്റ്റുകളായി നാമകരണം ചെയ്യാനും നടപടികള്‍ കൈക്കൊള്ളും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും.

സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ മൊത്തക്കച്ചവടക്കാര്‍, സ്റ്റോക്കിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം സംഘടിപ്പിക്കും. മത - സാമൂദായിക - രാഷ്ട്രീയ - യുവജന - വിദ്യര്‍ത്ഥി - മഹിള - സാംസ്‌കാരിക സംഘടനകളുടേതുള്‍പ്പെടെ എല്ലാ പൊതുപരിപാടികളും ഹരിത നിയമാവലി പൂര്‍ണാമായും പാലിച്ച് നടത്തണം. ഇതിന് എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയംഭരണ, ജലവിഭവ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് ടൂറിസം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നിവര്‍ ഉപാദ്ധ്യക്ഷന്‍മാരും ചീഫ് സെക്രട്ടറി കണ്‍വീനറുമായ ഉന്നതതല നിര്‍വഹണ സമിതി രൂപികരിക്കും. ഈ സമിതിയില്‍ മന്ത്രിമാര്‍, ചീഫ് വിപ്പ്, വകുപ്പ്തല മേധാവികള്‍, ഉദ്യേഗസ്ഥ നേതൃത്വം, റസിഡന്‍സ് അസോസിയേഷന്‍, യുവജന, വിദ്യാര്‍ത്ഥി, വനിതാ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും.

ജില്ലാ, ബ്ലോക്ക്, കേര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തല, വര്‍ഡ്/ഡിവിഷന്‍തല നിര്‍വഹണ സമിതികള്‍ രൂപീകരിക്കും. എല്ലാ സമിതികളിലും രാഷ്ട്രീയ പാര്‍ട്ടി, യുവജന, വിദ്യാര്‍ത്ഥി, വനിതാ, സന്നദ്ധ സംഘടന പ്രതിനിധികള്‍ ഉണ്ടെന്ന് ഉറപ്പാക്കും. തദ്ദേശ സ്ഥാപനതല സംഘാടക സമിതികളും വാര്‍ഡ്തല സംഘാടക സമിതികളും രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. എല്ലാവരും ഒന്നിച്ചുനിന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകും. രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗ ബഹുജന പോഷക സംഘടനകളും ക്യാമ്പയിന്‍ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാലിന്യ നിര്‍മ്മാര്‍ജനത്തിന് തടസ്സമാകുന്ന നിരോധിത ഉല്‍പനങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന്‍ കര്‍ശന സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മാലിന്യ രഹിത സംസ്ഥാനമെന്ന പേര് ആര്‍ജ്ജിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മക പിന്തണ നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിര്‍ത്താനാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അച്യുത്ശങ്കര്‍ എസ്. നായര്‍ (കോണ്‍ഗ്രസ് - ഐ), ഇ ചന്ദ്രശേഖരന്‍ എംഎല്‍എ (സിപിഐ), അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ (ഐയുഎംഎല്‍), കെ അനന്ദകുമാര്‍ ( കേരള കോണ്‍ഗ്രസ് - എം), പിജെ ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി തോമസ് (ജനതാദള്‍ - സെക്കുലര്‍), പി എം സുരേഷ് ബാബു ( എന്‍ സി പി), കെ ജി പ്രേംജിത്ത് ( കേരള കോണ്‍ഗ്രസ് - ബി), അഡ്വ. ഷാജ ജി എസ് പണിക്കര്‍ ( ആര്‍എസ്പി - ലെനിനിസ്റ്റ്), കെ ആര്‍ ഗിരിജന്‍ ( കേരള കോണ്‍ഗ്രസ് - ജേക്കബ്), സി കൃഷ്ണകുമാര്‍ ( ബിജെപി), ഡോ വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍), ബാബു ദിവാകരന്‍ ( ആര്‍എസ്പി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), പി സി ജോസഫ് ( ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവരും മന്ത്രിമാരായ എംബി രാജേഷ്, കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവരും സംസാരിച്ചു.

vd satheesan, pinarayi vijayan
പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; 46 ലക്ഷവുമായി പിടിയിലായത് മഹാരാഷ്ട്ര സ്വദേശികള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com