ന്യൂഡല്‍ഹി: യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണതെന്ന് വിഡി സതീശന്‍. പിണറായി വിജയന്‍ കാലം കാത്തുവച്ച നേതാവാണ് എന്നു പറഞ്ഞയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അദ്ദേഹത്തെ തന്നെ അങ്ങനെ വിളിച്ചപ്പോള്‍ സന്തോഷമായെന്ന് സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുരോഗമനപരമായി അഭിപ്രായം പറയുന്ന ഒരു പുരോഹിതന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍, അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എത്ര തരംതാണതാണെന്നും ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതല്ലെന്നും സതീശന്‍ പറഞ്ഞു.
മഹാഭാരതത്തില്‍ ധൃതരാഷ്ട്രരോട് വിദുരര്‍ പറയുന്നുണ്ട്; അപ്രിയങ്ങളായ സത്യങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും വളരെ ദുര്‍ബലമായ ആളുകളായിരിക്കും. പക്ഷെ പ്രിയങ്ങളായ സത്യങ്ങള്‍ പറയാനും കേള്‍ക്കാനും ഒരുപാട് പേരുണ്ടാകും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ള ഉപജാപകസംഘം പറയുന്ന ഇരട്ടച്ചങ്കന്‍, കാരണഭൂതന്‍ തുടങ്ങിയ വാക്കുകള്‍ കേട്ട് അദ്ദേഹം കോള്‍മയിര്‍ കൊണ്ടിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.
തീവ്രവലുതപക്ഷവ്യതിയാനത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നതെന്നാണ് കൂറിലോസ് പറഞ്ഞത്. എന്നാല്‍ എന്നെ ആരും തിരുത്താന്‍ വരണ്ട എന്ന പ്രഖ്യാപനമാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്. അദ്ദേഹം മലയാള ഡിക് ഷണറിയിലേക്ക് ഒരുപാട് വാക്കുകള്‍ സംഭാവന ചെയ്യുകയാണെന്നും സതീശന്‍ പരിഹസിച്ചു. നികൃഷ്ടജീവി, പരനാറി, വിവരദോഷി എന്നിങ്ങനെ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാര്‍ട്ടിക്കകത്തും പുറത്തും ഒരുവിമര്‍ശനത്തെയും സഹിക്കാന്‍ തയ്യാറായല്ലെന്നുള്ളതാണ് അദ്ദേഹത്തിന്റെ രീതി. അദ്ദേഹം അത് തന്നെ തുടരുന്നതാണ് പ്രതിപക്ഷത്തിന് നല്ലത്. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധവികാരമാണ് ഉണ്ടായതെന്ന് വോട്ടിങ് പാറ്റേണ്‍ പരിശോധിച്ചാല്‍ മാത്രം മതി. കണ്ണൂരില്‍ കോണ്‍ഗ്രസിന് നോമിനേഷന്‍ കൊടുക്കാന്‍ പറ്റാത്ത സ്ഥലത്തുപോലും വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും സിപിഎം കേരളത്തില്‍ തകരുകയാണെന്നും അത് മനസിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാമെന്നും സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates