

കൊച്ചി: ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിദേശകാര്യ മന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ദൂതരാണ് വാഗ്ദാനവുമായി തന്നെ സമീപിച്ചതെന്ന്, സമകാലിക മലയാളം വാരികയിലെ പംക്തിയില്‍ സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തി.
ഏതു വിധേനയും മന്ത്രിസഭയെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം പ്രണബ് മുഖര്‍ജിക്കായിരുന്നെന്ന് സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു. മുഖര്‍ജിയുടെ ദൂതര്‍ എന്നവകാശപ്പെട്ട രണ്ടു പേര്‍ രാജേന്ദ്ര പ്രസാദ് റോഡിലെ തന്റെ വസതിയില്‍ എത്തുകയായിരുന്നു. സ്വതന്ത്ര അംഗമായിരുന്നതിനാല്‍ പാര്‍ട്ടി വിപ്പോ വിപ്പ് ലംഘനത്തിനുള്ള ശിക്ഷയോ തനിക്കു ബാധകമായിരുന്നില്ല. സിപിഎം സ്വതന്ത്രന്‍ ആയതിനാല്‍ തന്റെ കൂറുമാറ്റം പാര്‍ട്ടിക്കു ഷോക്ക് ആയിരിക്കുമെന്ന കണക്കുകൂട്ടലും ഈ നീക്കത്തിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം.
വളരെ കാര്യമാത്രപ്രസക്തമായാണ് വന്നവര്‍ സംസാരിച്ചത്. സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്താല്‍ 25 കോടി തരും. തുകയുടെ വലിപ്പം അവിശ്വസനീയമായിരുന്നതിനാലും ചോദ്യക്കോഴയില്‍ എംപിമാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷന്‍ ഓര്‍മയില്‍ വന്നതിനാലും വന്നവര്‍ അപരിചിതര്‍ ആയിരുന്നതിനാലും കൂടുതല്‍ ഒന്നും ചോദിച്ചില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു. സ്റ്റിങ് ഓപ്പറേഷന്‍ ആയിരുന്നില്ലെന്ന് പിറ്റേന്ന് പാര്‍ലമെന്റില്‍ വച്ച് വയലാര്‍ രവിയെ കണ്ടപ്പോള്‍ മനസ്സിലായെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പ്രണബ് മുഖര്‍ജിയുടെ സാധ്യതാ പട്ടികയില്‍നിന്ന് തന്റെ പേര് നീക്കം ചെയ്‌തെന്ന് വയലാര്‍ രവി അറിയിച്ചതായാണ് സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കുന്നത്.
''അവസരം ഒരിക്കലേ വരൂ. പ്രണബിന്റെ ചൂണ്ടയില്‍ കൊത്തുകയോ വലയില്‍ വീഴുകയോ ചെയ്തവര്‍ക്ക് ഒന്നും സംഭവിച്ചില്ല. കൂറു മാറുന്നതിനു മാത്രമല്ല, വോട്ടെടുപ്പില്‍നിന്നു വിട്ടു നില്‍ക്കുന്നതിനും പ്രതിഫലമുണ്ടായിരുന്നു. ലക്ഷദ്വീപില്‍നിന്നുള്ള ജെഡിയു എംപി കൊച്ചിയില്‍ എത്തിയപ്പോള്‍ രോഗബാധിതനായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിപി കോയയെ പോലെ പത്തു പേരാണ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്.''- സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ തനിക്കു പ്രയോജനകരമായ തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നെന്നും ഇടതു സഹയാത്രികനായി തുടരുന്ന സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നുണ്ട്. ഒരിക്കല്‍ മാത്രം ദൈവം അയയ്ക്കുന്ന സൗഭാഗ്യത്തെ പ്രയോജനപ്പെടുത്താതിരുന്നതിലുള്ള ഖേദം തനിക്ക് ചിലപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates