

ആലപ്പുഴ: തമിഴ്‌നാട്ടിൽ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന. ആലപ്പുഴ ജില്ലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് നിർദേശിച്ചു. മുഖം മറച്ച് അർധനഗ്നരായ രണ്ടംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം നടന്നിരുന്നു.
അവിടെയെത്തിയ പൊലീസിന് കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനം. സാധാരണ അർധനഗ്നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക. ആറ് മാസത്തോളം മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തുക. രാവിലെ ചെറിയ ജോലികളുമായി പ്രദേശത്ത് തങ്ങുന്ന സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക.
എതിർക്കുന്നവരെ അതിക്രൂരമായി ആക്രമിക്കുകയാണ് ഇവരുടെ രീതി. സംസ്ഥാനത്ത് പലയിടത്തും സംഘം നേരത്തേ മോഷണം നടത്തിയിട്ടുണ്ട്. തമിഴ്നാട് - കേരള അതിർത്തി പ്രദേശങ്ങളായ കോയമ്പത്തൂർ, തഞ്ചാവൂർ, മധുര തുടങ്ങിയ പ്രദേശങ്ങളെല്ലാം കുറുവ സംഘത്തിന്റെ താവളങ്ങളാണെന്നാണ് റിപ്പോർട്ട്. വീടുകളുടെ പിൻവാതിൽ വഴി അകത്തുകയറുകയാണ് സംഘത്തിന്റെ രീതി. ശരീരത്തിൽ എണ്ണയും കരിയും പുരട്ടിയിട്ടുണ്ടാകും.
ഇതോടെ പിടികൂടാൻ ശ്രമിച്ചാലും എളുപ്പത്തിൽ വഴുതിമാറാനാകും. രാത്രികളിലെത്തുന്ന സംഘം വീടിന് പുറത്ത് ടാപ്പ് തുറന്ന് വിടുകയോ കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യും. വീട്ടിൽ ഉറങ്ങിക്കിടക്കുന്നവരെ വാതിൽ തുറക്കാൻ പ്രേരിപ്പിക്കുന്നതാണിത്.
ഇത്തരത്തിൽ ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്ത് കയറും. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ കിലോമീറ്ററുകൾ അകലെയായിരിക്കും സംഘത്തിന്റെ താമസം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് രാത്രി പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
