കൊച്ചി: യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ കോതമംഗലം ചെറിയ പള്ളിയിലെത്തിച്ച ഭൗതിക ശരീരത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് വൈകിട്ട് കോതമംഗലത്തു നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി സഭാ ആസ്ഥാനമായ പുത്തൻകുരിശിലെത്തിച്ചു. പതിറ്റാണ്ടുകളോളം തങ്ങളെ നയിച്ച വലിയ ഇടയനെ ഒരു നോക്കുകാണാനും ആദരാഞ്ജലിയർപ്പിക്കാനും വഴിയിലുടനീളം വിശ്വാസികളടക്കം ആയിരങ്ങളാണ് കാത്തുനിന്നത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ശനിയാഴ്ച രാവിലെ എട്ടിന് പാത്രിയാർക്കാ സെന്റർ കത്തീഡ്രലിൽ കുർബാന നടക്കും. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ളവരും രാഷ്ട്രീയ - സാമൂഹിക രംഗത്തെ പ്രമുഖരും വിശ്വാസികളും അന്തിമോപചാരമർപ്പിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക