പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് കാണാതായ നാലാമത്തെ ആൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. അടിയൊഴുക്ക് ശക്തമായതിനെ തുടർന്നാണ് തിരച്ചിൽ നിർത്തിയത്. നാളെ രാവിലെ സ്കൂബ ടീം എത്തി തിരച്ചിൽ പുനരാരംഭിക്കും. കേരള എക്സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്.
വളവു തിരിഞ്ഞ ഉടനെയാണ് റെയില്‍വേ പാലത്തില്‍ ആളുകളെ കണ്ടത് എന്നാണ് കേരള എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് പറയുന്നത്. വളരെ അപ്രതീക്ഷിതമായിരുന്നു. പലതവണ ഹോണ്‍ അടിച്ചു. എമര്‍ജന്‍സി ഹോണും മുഴക്കി. പക്ഷേ, അവര്‍ വളരെ അടുത്തായിരുന്നു. അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.- ലോക്കോ പൈലറ്റ് വ്യക്തമാക്കി.
ട്രെയിനിന്റെ ശബ്ദം കേട്ട് ശുചീകരണ തൊഴിലാളികൾ ഓടിമാറിയത് ട്രെയിന്‍ വന്ന അതേ ദിശയിലേക്കാണെന്നാണ് സൂചന. ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാൻ പാലത്തിന്റെ രണ്ടു ഭാഗത്തായി സ്ഥലമുണ്ട്. ഇവിടം ലക്ഷ്യമാക്കി ഓടി എത്തുന്നതിനു മുൻപ് നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍ ഭാര്യ വള്ളി, റാണി, ലക്ഷ്മണന്‍ എന്നിരാണ് അപകടത്തിൽപ്പെട്ടത്. വള്ളിയും റാണിയും സഹോദരിമാരാണ്. റാണിയുടെ ഭർത്താവ് ലക്ഷ്മണിനു വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം നീക്കുന്ന ജോലിക്കിടെയാണ് അപകടമുണ്ടായത്. 5 വർഷമായി ഒറ്റപ്പാലത്താണ് ഇവർ താമസിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക