ഏഴു വർഷത്തെ നികുതി കുടിശ്ശിക 1.57 കോടി അടയ്ക്കണം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്
Padmanabhaswamy Temple
പത്മനാഭ സ്വാമി ക്ഷേത്രംഫയൽ
Published on
Updated on

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്.

ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

എന്നാൽ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്.

1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com