'കലങ്ങിയില്ലെന്ന് പറയാന്‍ പൂരം കണ്ടിട്ടുണ്ടോ?, തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു'

'കേസൊക്കെ തേഞ്ഞു മാഞ്ഞു പോയെങ്കിലും പിണറായിക്ക് നല്ല ഡോസ് കിട്ടി'
k muraleedharan against pinrayi vijayan
കെ മുരളീധരന്‍ഫയൽ
Published on
Updated on

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ സീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീരന്‍ പറഞ്ഞു.

മന്ത്രി രാജനെ പോലും വകവെയ്ക്കാതിരുന്ന കമ്മീഷണര്‍ അങ്കിത് അശോക്, സുരേഷ് ഗോപിയെ കണ്ടതോടെ സ്വഭാവം മാറ്റി. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. കേസ് ഇലക്ഷന്‍ സ്പെഷ്യല്‍ മാത്രമാണ്. പതിമൂന്ന് കഴിഞ്ഞാല്‍ കേസൊക്കെ തീരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പൂരത്തിന് ആകെ കറുത്ത പുകയും ഭൂമി കുലുങ്ങുന്ന ശബ്ദവുമാണ് ഉണ്ടായത്. ഒരു വര്‍ണവും ഉണ്ടായില്ല. ഒരു നാണവും ഇല്ലാതെ എന്നിട്ട് മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണ്. ഈ മനുഷ്യന്‍ (പിണറായി) പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

സുരേഷ് ഗോപിയെ വിജയിപ്പിച്ചതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും കെ മുരളീധരന്‍ ചോദിച്ചു. അതിന് ശേഷം കരുവന്നൂരുമില്ല, ഇ ഡിയുമില്ല. കേസൊക്കെ തേഞ്ഞു മാഞ്ഞു പോയെങ്കിലും പിണറായിക്ക് നല്ല ഡോസ് കിട്ടി.ജയിപ്പിച്ച് വിട്ട ആള്‍ തന്നെ തന്തയ്ക്ക് വിളിച്ചു. എന്നിട്ടും മിണ്ടുന്നില്ല. സംഘികള്‍ക്ക് യോഗിയെക്കാള്‍ വിശ്വാസം പിണറായിയെ ആണ്. ന്യൂനപക്ഷ വോട്ട് വോട്ട് ലഭിക്കാഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com