പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്.
സാധാരണ നടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ട്. കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്.
ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു. ഇതില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്ന കാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എഎസ്പി വ്യക്തമാക്കി. സെർച്ച് ലിസ്റ്റ് ഹാജരാക്കി കഴിഞ്ഞു. ഇനി തുടർനടപടിയില്ല. ഇവർക്ക് പരാതിയുണ്ടെങ്കിൽ ബാക്കി അപ്പോൾ നോക്കുമെന്നും എഎസ്പി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക