പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ ഹോട്ടലിന് പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഹോട്ടലില്‍ പൊലീസ് പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് പാലക്കാട്ടെ കെപിഎംഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോയപ്പോള്‍ ഫെനിയുടെ കൈവശമുണ്ടായത് തന്റെ ബാഗായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ഫെനി ഈ ബാഗ് കയറ്റുന്നത്. ഈ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറില്‍ കയറി. ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗ്രേ കളറുള്ള ഇന്നോവ കാറില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനത്തിലാണ് ഫെനി സഞ്ചരിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവ ദിവസം താന്‍ ഹോട്ടലില്‍ വന്നിരുന്നതായും അവലോകന യോഗത്തിന് ശേഷം താന്‍ കോഴിക്കോട്ടേക്ക് പോയി എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക