മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ആരോപിച്ച് ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്തില്‍നിന്നു വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികള്‍ നിറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യങ്ങളും പഴഞ്ചന്‍ വസ്ത്രങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
അഞ്ച് ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലാണ് ആരോപണം ഉയര്‍ന്നത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പഴയ വസ്ത്രങ്ങളും പുഴുവരിച്ച അരിയുമായി ഓഫീസിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിലേക്കു കയറി പ്രതിഷേധമറിയിച്ചു. മേശയും കസേരയും തട്ടിമറിച്ചിട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക