കൊച്ചി: കലൂർ നെഹ്റു സ്‌റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്‌എൽ ഫുട്‌ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗതനിയന്ത്രണം. പകൽ രണ്ടുമുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടക്കൻ ജില്ലകളിൽനിന്ന് വരുന്നവർ വാഹനങ്ങൾ ആലുവ മണപ്പുറത്ത് ക്രമികരിച്ച ഇടങ്ങളിൽ പാർക്ക് ചെയ്ത് മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ വഴി സ്റ്റേഡിയത്തിലേക്ക് വരണം.
ഇടുക്കി, കോട്ടയം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ കാണികളെ തൃപ്പൂണിത്തുറ ടെർമിനൽ, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലിറക്കി വാഹനം ഇരുമ്പനം സീപോർട്ട് – എയർപോർട്ട് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ ഭാഗത്തുനിന്ന് വരുന്നവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലെ പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്ന് എത്തുന്നവർ വാഹനങ്ങൾ മറൈൻ ഡ്രൈവ് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
കാണികളുമായെത്തുന്ന വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. വൈകിട്ട് അഞ്ചിനുശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ടവർ വൈറ്റില ജങ്ഷൻ, സഹോദരൻ അയ്യപ്പൻ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.
മെട്രോ സർവീസ് നീട്ടി
ഐഎസ്എൽ മത്സരം കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് നീട്ടി. ഇന്ന് അവസാന സർവീസ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുന്നത്. യാത്രക്കാർക്ക് വേണ്ടി അധിക യാത്രകളും, മറ്റ് പ്രത്യേക ക്രമീകരണങ്ങളും ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക