കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കാണാന്‍ ജയിലിന് പുറത്ത് സിപിഎം നേതാക്കള്‍. ജാമ്യം ലഭിച്ച വിവരം പി പി ദിവ്യയെ അറിയിക്കുന്നതിനായി പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് സിപിഎം നേതാക്കള്‍ എത്തിയത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരെത്തിയത്. ജയില്‍ മോചിതയാകുന്ന ദിവ്യയെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള, എന്‍ സുകന്യ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളും ജയിലില്‍ എത്തിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിന്നും തെരത്തെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയതും ജാമ്യം ലഭിച്ചതുമായ കാര്യങ്ങള്‍ നേതാക്കള്‍ പിപി ദിവ്യയെ അറിയിച്ചു. ജാമ്യം കിട്ടിയ വിവരം ദിവ്യയെ അറിയിക്കാന്‍ എത്തിയതാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. ദിവ്യ ഇപ്പോഴും പാര്‍ട്ടി കാഡര്‍ തന്നെയാണെന്നും തെറ്റുപറ്റിപ്പോയവരെ കൊല്ലാന്‍ കഴിയില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തെ പ്രതികരിച്ചത്. ദിവ്യയെ നേതാക്കള്‍ക്ക് കാണുന്നതിന് വിലക്കില്ലെന്നു ഗോവിന്ദന്‍ പറഞ്ഞതോടെയാണ് നേതാക്കള്‍ വനിതാ ജയിലിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക