കൊച്ചി: കൊച്ചി വൈറ്റിലയിലെ വീട്ടില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ മുന്‍ എംഡി കെ ശിവപ്രസാദ് കീഴടങ്ങി. കേസില്‍ ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.
ഒക്ടോബര്‍ 15നാണ് ഒഡിഷക്കാരിയായ യുവതി പീഡനത്തിനിരയായത്. രണ്ടുദിവസത്തിന് ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന വിവരം വീട്ടുജോലിക്കാരി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി രക്ഷിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് വീട്ടുടമയായ ശിവപ്രസാദ് തന്നെ പീഡിപ്പിച്ചു എന്ന് യുവതി മൊഴി നല്‍കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പീഡനം നടന്നു എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചത്.
തൊട്ടുപിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് ശിവപ്രസാദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഇത് കോടതി തള്ളിയതോടെ, ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. അതിനിടെയാണ് ഇന്ന് രാവിലെ കൊച്ചി സൗത്ത് എസിപി മുന്‍പാകെ ശിവപ്രസാദ് കീഴടങ്ങിയത്. സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതിന് മുന്‍പും തന്നെ ശിവപ്രസാദ് കയറിപ്പിടിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ കൂടി ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാള്‍ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ശിവപ്രസാദിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക