

ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15ന് വൈകിട്ട് നാല് മണിക്ക് സെന്റ് ജോസഫ്സ് സ്‌കൂളില്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി സജി ചെറിയാന്‍, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികളാവുക. ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്ഡിവിബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും, ലജ്ജനത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേളയും, പ്രവര്‍ത്തി പരിചയമേള എസ്.ഡി.വി.ബോയ്സ്,ഗേള്‍സ് സ്‌കൂളുകളിലും ആണ് നടക്കുന്നത്. കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്സിബിഷന്‍,നിരവധി കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും.
ഇത്തവണ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തില്‍ എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5,000 ത്തോളം വിദ്യാര്‍ത്ഥികള്‍ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നത്. സബ്ജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടി റവന്യൂ ജില്ലകളില്‍ പങ്കെടുത്ത് അവിടുന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പ്രതിഭകളായി പങ്കെടുക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു രാവിലെ ഒമ്പതു മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ രജിസ്ട്രേഷന്‍ നവംബര്‍-15 ന് പ്രധാന വേദിയായ സെന്റ് ജോസഫ്സ് സ്‌കൂളില്‍ ആരംഭിക്കും. നവംബര്‍ 15-ന് വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, വിവിധ ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു നന്ദിയും രേഖപ്പെടുത്തും. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികള്‍ ?അരങേറും.
നവംബര്‍ 15 ന് വൈകിട്ട് അഞ്ച് മണിക്ക് ഇപ്റ്റ നാട്ടരങ്ങും നവംബര്‍ 16-ന് ശനിയാഴ്ച രണ്ടുമണി മുതല്‍ സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ.ജിതേഷ്.ജിയുടെ ശാസ്ത്രദര്‍ശന്‍ വരയരങ്ങും നടക്കും. അന്നേ ദിവസം 7.30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിയ്ക്കുന്ന രംഗ്മാല സെന്റ് ജോസഫ്സ് എച്ച്.എസില്‍ നടക്കും. നവംബര്‍ 17, അഞ്ച് മണിക്ക് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വി.എച്ച്.?എസ് ഇ എക്സ്പോയും നടക്കും, നവംബര്‍ 16-ന് രാവിലെ 10 ന് ശാസ്ത്ര സംവാദത്തില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥ്, മൂന്ന് മണിക്ക് ഇന്ത്യാ മിസൈല്‍ വുമണ്‍ ഡോ.ടെസ്സി തോമസ് തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി ശാസ്ത്രസംവാദം നടത്തും. നവംബര്‍ 17-ന് 10 മണിക്ക് ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.എം.മോഹനന്‍, ഉച്ചക്ക് രണ്ടു മണിക്ക് ടെക്‌ജെന്‍ഷ്യ സി.ഇ.ഒ. ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ സെന്റ് ജോസഫ്സ് എച്ച്.എസില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കും.
വിവിധ ജില്ലകളില്‍ നിന്നും ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മറ്റിയുടെ കീഴില്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പ്രത്യേകം സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുഗമിക്കുന്ന അധ്യാപകര്‍ക്കും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സൗകര്യം ചെയ്തുതന്ന കണിച്ചുകുളങ്ങര ക്ഷേത്രം വക ചിക്കര കേന്ദ്രത്തിലും, ആലപ്പുഴ നഗരത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലുമായി താമസ സൗകര്യം ഒരുക്കും. താമസ സ്ഥലത്ത് നിന്ന് വേദികളില്‍ എത്തിപ്പെടാന്‍ റൂട്ട് മാപ്പ് തയ്യാറാക്കി സ്‌കാന്‍ ചെയ്ത് പ്രത്യേകം നല്‍കും. ഒരു ദിവസം ശരാശരി 1500 വിദ്യാര്‍ത്ഥികള്‍ക്കും അനുഗമര്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്ന് വേദികളില്‍ എത്താന്‍ പ്രത്യേകം വാഹനം സജ്ജമാക്കിയിട്ടുണ്ട്.ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഭിക്ഷമായ ഭക്ഷണം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. ലജനത്തുല്‍ മുഹമ്മദീയ സ്‌കൂളിലെ പാചകപ്പുരയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകശാല നാല് ദിനവും പ്രവര്‍ത്തിക്കുന്നത്.
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉല്‍പ്പാദന സേവന കേന്ദ്രങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും സേവന പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനമാണ് വൊക്കേഷണല്‍ എക്സ്പോ. റീജിയണല്‍ തലത്തില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് പങ്കെടുക്കുന്നത്. ഒരു റീജിയണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 ടീം വീതം ഏഴ് റീജിയണുകളിലായി 84 ടീമുകളാണ് മത്സരത്തിന് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എത്തുന്നത്.
കരിക്കുലവുമായി ബന്ധപ്പെട്ട പ്രോഫിറ്റബിള്‍, മാര്‍ക്കറ്റബിള്‍, ഇന്നവേറ്റീവ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. അഗ്രികള്‍ച്ചര്‍, എഞ്ചിനീയറിംഗ്, കൊമേഴ്സ്, പാരാ മെഡിക്കല്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ മത്സരാര്‍ത്ഥികള്‍. പ്രദര്‍ശനത്തോടൊപ്പം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉണ്ടാകും. മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയശേഷം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പൊതുജനത്തിനും പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates