

കണ്ണൂര്‍: എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ പിടികൂടി. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിനടന്ന വിരുതനെയാണ് തളിപ്പറമ്പില്‍ നിന്നും ഞായറാഴ്ച്ച രാവിലെ വ്യാപാരി നേതാക്കളായ കെ എസ് റിയാസ്, വി താജുദ്ദീന്‍, കെ ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.രാവിലെ തളിപ്പമ്പിലെ ഒരു വ്യാപാരിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.
സമൂഹമാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനാല്‍ പണം ചോദിച്ചെത്തിയപ്പോള്‍ തട്ടിപ്പ് വേഗത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു. ഇതോടെ വ്യാപാരികളുടെ തന്ത്രപരമായ നീക്കത്തിലാണ് ഇയാള്‍ വലയിലായത്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ് ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. മന്നയിലുള്ള കള്ള്ഷാപ്പിന് സമീപം ചിപ്സ് വില്‍പ്പന നടത്തിയിരുന്ന ജയ്സണ്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
അപരിചിതര്‍ സഹായത്തിനു വന്നാല്‍ അന്വേഷണം നടത്തി മാത്രമേ സഹായം നല്‍കാവൂവെന്ന് വ്യാപാരി നേതാവ് കെ എസ് റിയാസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു വന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കണം. കത്തുകളുമായി മറ്റും വരികയാണെങ്കില്‍ നമ്പറില്‍ വിളിച്ചു വ്യക്തത വരുത്തി മാത്രം സഹായം നല്‍കണം. വ്യാജന്മാര്‍ വിളയാടുമ്പോള്‍ അര്‍ഹത ഉള്ളവര്‍ക്ക് സഹായം എത്തുകയില്ലെന്നതിനാല്‍ ഈ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി പൊലീസിനും വ്യാപാരികള്‍ക്കും തലവേദനയായ വിരുതനാണ് പിടിയിലായത്. ഇയാള്‍ നിരവധി വ്യാപാരികളെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചെറിയ തുകകള്‍ നഷ്ടമായതിനാല്‍ മിക്കവരും പരാതിയുമായി രംഗത്തു വന്നിരുന്നില്ല. മാന്യമായി വസ്ത്രധാരണം നടത്തി കടകളില്‍ വരുന്ന ഇയാളുടെ കയ്യില്‍ ഒരു ബാഗുമുണ്ടായിരുന്നു. കടം വാങ്ങുമ്പോള്‍ ഇപ്പോള്‍ എ ടി എമ്മില്‍ നിന്നും എടുത്തു തരാമെന്ന് പറഞ്ഞാണ് ജയ്‌സന്‍ മുങ്ങിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates