പതിനെട്ടുവര്‍ഷത്തിനുശേഷം അമ്മ മകനെ കണ്ടു; അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ വൈകാരിക കൂടിക്കാഴ്ച

വധശിക്ഷ റദ്ദാക്കിയിട്ടും റിയാദിലെ ജയിലിൽ മോചന ഉത്തരവ് കാത്തിരിക്കുകയാണ് റഹീം.
മകനെ കാണാന്‍ റിയാദിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ എത്തിയ ഫാത്തിമ
മകനെ കാണാന്‍ റിയാദിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ എത്തിയ ഫാത്തിമ ടെലിവിഷന്‍ ചിത്രം
Published on
Updated on

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ സന്ദര്‍ശിച്ച് മാതാവ് ഫാത്തിമ. റിയാദ് അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ വച്ചായിരുന്നു വൈകാരിക കൂടിക്കാഴ്ച. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് ഇരുവരു തമ്മില്‍ കാണുന്നത്. ഉംറ നിര്‍വഹിച്ച ശേഷമാണ് മകനെ കാണാന്‍ ഫാത്തിമ റിയാദിലെ ജയിലിലെത്തിയത്.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുള്‍ റഹീമാണ് സൗദിയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിയുന്നത്. തന്റെ സ്പോണ്‍സറായ അറബിയുടെ ചലനശേഷിയില്ലാത്ത, കൗമാരക്കാരനായ മകന്‍ അനസിനെ പരിചരിക്കലായിരുന്നു റഹീമിന്റെ ജോലി. കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തിലൂടെയാണ് അനസ് ഭക്ഷണവും വെള്ളവും കഴിച്ചിരുന്നത്.

2006ല്‍ ഒരു യാത്രയ്ക്കിടയിലുണ്ടായ കശപിശയില്‍ അബദ്ധത്തില്‍ റഹീമിന്റെ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടി അനസ് മരിച്ചു. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി റഹീമിനെ ജയിലിലടച്ചു. മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടിയോളം രൂപയ്ക്ക് തുല്യമായ സംഖ്യ ഇതിനകം മോചനദ്രവ്യമായി നല്‍കിയിട്ടുണ്ട്. ജൂലായ് രണ്ടിന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.

ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ കാണാന്‍ റഹീം വിസമ്മതിച്ചിരുന്നു. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അറിയിച്ചത്. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും. ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമായിരിക്കുമെന്നും അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിച്ചതെന്നുമായിരുന്നു റഹീം സുഹൃത്തുക്കളെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com